ഗതാഗതനയം ആവിഷ്കരിക്കണം: ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ
Monday, January 13, 2025 2:58 AM IST
കണ്ണൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ബാധകമാകത്തക്ക രീതിയിലുള്ള സമഗ്രമായ ഗതാഗതനയം ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാപരമായ ആവശ്യങ്ങൾ സുരക്ഷിതമായും കുറഞ്ഞ ചെലവിലും നിറവേറ്റാൻ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുക, ട്രാൻസ്പോർട്ട് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കുക, മാർച്ച് 24 ന്റെ പാർലമെന്റ് മാർച്ച് വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. കലേശൻ, എം.എസ്. സ്കറിയ കെ.പി. സഹദേവൻ, എം. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റായി കടകംപള്ളി സുരേന്ദ്രനെയും ജനറൽ സെക്രട്ടറിയായി കെ.കെ. കലേശനെയും ട്രഷററായി കെ. ഗിരീകൃഷ്ണനെയും തെരഞ്ഞെടുത്തു. കെ.ആർ. പദ്മകുമാർ, ടി.ആർ. ശങ്കരപ്പിള്ള, ഹരിദാസൻ നായർ, പി.ജെ. വർഗീസ്, കെ.എം. ബാബു, കെ.വി. ഹരിദാസ്, കെ. പ്രേംകുമാർ, പി.ചന്ദ്രൻ, ഫിറോസ് ബാബു - വൈസ് പ്രസിഡന്റുമാർ, എം.എസ്. മുരളി, കെ.കെ. സുരേന്ദ്രൻ, കെ.പി. പോളി, കെ.പി. സണ്ണി, പി.പി. കുഞ്ഞൻ, വി.വി. പുരുഷോത്തമൻ, എം.എസ്. സുരേഷ് ബാബു- സെക്രട്ടറിമാർ എന്നിവരടക്കം 51 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.