ജന്മനാടിന്റെ അന്ത്യാഞ്ജലി തിരുവല്ല: കഴിഞ്ഞ ദിവസം അന്തരിച്ച കവിയും സാഹിത്യകാരനും ദീപിക മുൻ പത്രാധിപ സമിതിയംഗവുമായിരുന്ന തിരുമൂലപുരം നാരായണന് ജന്മനാടിന്റെ അന്ത്യാഞ്ജലി.
നിലവിൽ താമസിച്ചുവന്നിരുന്ന ആലുവയിൽനിന്നു കഴിഞ്ഞ ദിവസമാണ് മൂത്ത മകൾ കവിതയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാരായണൻ കോഴഞ്ചേരിയിൽ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇന്നലെ തിരുമൂലപുരത്തെ ജന്മഗൃഹത്തിലും തുടർന്ന് മഹാത്മാഗാന്ധി ഗ്രന്ഥശാലയിലും മൃതദേഹം എത്തിച്ച് പൊതുദർശനത്തിനു വച്ചു.
നാരായണന്റെ ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും വിദ്യാർഥികളും നാട്ടുകാരും അടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.
തുടർന്നു സംസ്കാരത്തിനായി തൃശൂരിലേക്കു കൊണ്ടുപോയി. ദീപികയ്ക്കുവേണ്ടി ഡെപ്യൂട്ടി എഡിറ്റർ ഡേവിസ് പൈനാടത്ത് പുഷ്പചക്രം അർപ്പിച്ചു.