പുതിയ ഉത്തരവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം
Friday, October 4, 2024 5:17 AM IST
പാലാ: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ഉത്തരവില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റി ഫോര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം.
ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്യുകയും സ്ഥാപന മേലധികാരികള്‍ നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിചിത്രമായ ഈ ഉത്തരവിന്റെ പിന്നിലെ ഗൂഢ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം. ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രഥമാധ്യാപകരെ മാറ്റുന്നതിന് നീതീകരണമില്ല. വിദ്യാലയ ഏകീകരണം പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ,എയ്ഡഡ് തരംതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാന്‍ പിടിഎ മീറ്റിംഗ് പോലും സ്കൂള്‍ സമയത്ത് പാടില്ല എന്ന ഉത്തരവ് ഇറക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ സമയങ്ങളില്‍ അധ്യാപകരെ വിവിധ കോഴ്സുകളില്‍ പങ്കെടുപ്പിച്ചും പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും അധ്യാപകരെ വിളിച്ചു വരുത്തി ക്ലാസ് നല്‍കിയും കുട്ടികളുടെ പഠനസമയം നഷ്ടപ്പെടുത്തുന്നതിനെതിരേ മൗനം പാലിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം പറഞ്ഞു.