ചൂരൽമല പുനരധിവാസം: ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കും
Friday, October 4, 2024 5:18 AM IST
തിരുവനന്തപുരം: മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്നു കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുന്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റിലും മോഡൽ ടൗണ്‍ഷിപ്പ് നിർമിക്കുവാനാണു മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കും.
പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ശ്രുതിക്കു സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും. ഇതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്തുലക്ഷം നൽകും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതവും നൽകും. വനിതാ ശിശുവികസന വകുപ്പാണ് ഇതു നൽകുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.