കുഞ്ഞിന്റെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി
Friday, October 4, 2024 5:17 AM IST
കൊച്ചി: മൂന്നര വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തെ ധരണിയില്‍ രാമകൃഷ്ണന്റെ ഭാര്യ ധനിക(30) യെയാണു വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മകൾ ഇഷാനിക്കാണ് കഴുത്തിന് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് വിശദീകരണം.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മരിച്ച യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസും മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബറും പറഞ്ഞു. സംഭവത്തില്‍ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. ധനികയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കുഞ്ഞിന് എസി പ്രശ്നമായതിനാല്‍ ധനികയും കുഞ്ഞും എസി ഇല്ലാത്ത മുറിയിലും രാമകൃഷ്ണന് എസിയുളള മുറിയിലുമാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കമുണര്‍ന്ന രാമകൃഷ്ണന് ഭാര്യയെ വിളിക്കാനെത്തിയപ്പോഴാണു രക്തത്തില്‍ കുളിച്ചനിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ സുഹൃത്തിനെ വിളിച്ചുവരുത്തി ജീവനുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മുളവുകാട് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ധനികയുടെ മരണം സ്ഥിരീകരിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച രക്തം പുരണ്ട കത്തി മുറിയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളായ ഇരുവരുടെയും കുടുംബം മൂന്നു പതിറ്റാണ്ട് മുമ്പാണ് കൊച്ചിയില്‍ താമസമാക്കിയത്. ധനികയുടെ കുടുംബവീട് മട്ടാഞ്ചേരിയിലും രാമകൃഷ്ണന്റേത് പച്ചാളത്തുമാണ്. എട്ടു മാസം മുമ്പാണ് പുതിയ വീട് വച്ച് ഇവര്‍ മുളവുകാട് താമസം തുടങ്ങിയത്.