ജലീല്‍ നില്‍ക്കുന്നത് മറ്റുള്ളവരുടെ കാലില്‍: പി.വി. അന്‍വര്‍
Friday, October 4, 2024 5:17 AM IST
നിലന്പൂർ: തനിക്കെതിരായ കെ.ടി. ജലീലിന്റെ നിലപാടില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും കെ.ടി. ജലീലിന് സ്വന്തമായി നില്‍ക്കാനുള്ള ശേഷിയില്ലെന്നും പി.വി. അന്‍വര്‍ എംഎൽഎ ആരോപിച്ചു. മറ്റുള്ളവരുടെ കാലില്‍ ആണ് ജലീല്‍ നില്‍ക്കുന്നത്.
സ്വയം നില്ക്കാന് ശേഷിയില്ലാത്തതുകൊണ്ടാണിത്. ജലീലിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതു കൊണ്ടാകാം പിന്മാറിയത്. താന്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “നിലമ്പൂര്‍ ആയിഷ” പോകുന്ന വഴിയില്‍ എന്റെ വീട്ടില്‍ കയറിയതാണ്. ആര്‍ക്ക് വേണമെങ്കിലും മാറ്റി പറിയിപ്പിക്കാം. അവരുടെ മനസ് എന്താണെന്ന് ജനങ്ങള്‍ക്കു മനസിലായെന്നു മാത്രം. ആര്‍എസ്എസ് ഏറ്റവും മഹത്തരമായ സംഘടനയാണെന്ന് പറഞ്ഞതു കേരള സ്പീക്കറാണ്. അതിനുള്ള മറുപടി കണ്ണൂരിലെ ജനങ്ങള്‍ കൊടുക്കും.
നിലമ്പൂരിലെ പൊതുയോഗത്തിലേക്ക് ഇരട്ടി ആളുകള്‍ വരുമായിരുന്നു. അവരെ തടയുകയായിരുന്നു. ബാപ്പു വെള്ളിപറമ്പ് പിന്തുണ അറിയിക്കാന്‍ വന്നതാണ്. എന്നാല്‍ തടഞ്ഞു- പി.വി. അന്‍വര്‍ പറഞ്ഞു.
പുതിയ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഞായറാഴ്ച പറയും. ജനങ്ങള്‍ പറയുന്നതനുസരിച്ചായിരിക്കും തീരുമാനം. ഈ വരുന്ന ആറിനു മഞ്ചേരിയില്‍ ജില്ലാതല രാഷ്ട്രീയ വിശദീകരണം സംഘടിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം മൂലം നിയമതടസം ഉണ്ടായാല്‍ വേണ്ടി വന്നാല്‍ രാജിവയ്ക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടിയെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകക്കില്ല- പി.വി.അന്‍വര്‍ എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
“മിസ്റ്റര്‍... പി.വി. അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട്
എനിക്കില്ല” അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍
പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി കെ.ടി. ജലീല്‍. ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മറ്റാരുടെയോ കാലിലാണു നില്ക്കുന്നതെന്നു തന്നെ ആക്ഷേപിച്ച പി.വി.അന്‍വറിനു മറുപടിയായാണ് കെ.ടി. ജലീലിന്റെ കുറിപ്പ്.
“മിസ്റ്റര്‍ പി.വി. അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി. ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ടടുത്ത മണ്ഡലമായ മങ്കടയിലാണ് മത്സരിച്ചത്. ഒരു ‘വാള്‍പോസ്റ്റര്‍’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. 2016ല്‍ അബ്ദുറഹിമാനും അന്‍വറും മത്സരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടുംഅഭ്യര്ഥിച്ചിട്ടില്ല.
അബ്ദുറഹ്മാനും അന്‍വറും ലോക്സഭയിലേക്കു പൊന്നാനിയില്‍നിന്നു മത്സരിച്ച ഘട്ടങ്ങളില്‍, നിരവധി പൊതുയോഗങ്ങളില്‍ ഞാന്‍ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തിലും സ്ഥാനാര്‍ഥികളില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. ഒരു പ്രമാണിയുടെയും ഊരമ്മേല്‍, ഇന്നോളം ജലീല്‍ കൂരകെട്ടി താമസിച്ചിട്ടില്ല.
താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളേക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങനെ... തുടങ്ങി വിശദമായ കുറിപ്പാണ് ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.