പോക്സോ കേസ് പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ
Friday, October 4, 2024 5:18 AM IST
തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിയായ തളിപ്പറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുയ്യം സ്വദേശി അനീഷിനെ (50) ആണ് ഇന്നലെ ഉച്ചയ്ക്ക് 12 നു കോഴിക്കോട് തൊണ്ടയാട് കാവിൽ ബസ് സ്റ്റോപ്പിനു സമീപത്തെ പെട്രോൾ പമ്പിന് എതിർവശത്തെ ആളൊഴിഞ്ഞ പറമ്പിൽ മരച്ചില്ലയിൽ തുണി ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് ഇൻക്വസ്റ്റ് നടത്തി. പോക്സോ കേസ് എടുത്തുവെന്നറിഞ്ഞ ഉടനെ അനീഷ് ഒളിവിൽ പോകുകയായിരുന്നു. കൂട്ടുപ്രതിയും മുയ്യം പടിഞ്ഞാറ്റ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി. രമേശൻ റിമാൻഡിൽ കഴിയുകയാണ്.
പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനായ അനീഷിനെ സ്ഥാപനത്തിൽനിന്നു മാറ്റുകയും പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇയാൾക്കുവേണ്ടി തളിപ്പറമ്പ് പോലീസ് അന്വേഷണം തുടരുമ്പോഴാണ് ഇന്നലെ ഉച്ചയോടെ ഇയാൾ തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്.