മുഖ്യമന്ത്രിക്കു മുന്നിൽ ഇന്നലെയും മൈക്ക് പിണങ്ങി
Friday, October 4, 2024 5:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു മുന്നിൽ ഇന്നലെയും മൈക്ക് പിണങ്ങി. അതും സ്വന്തം ഓഫീസിലെ പത്രസമ്മേളനം നടത്തുന്ന മീഡിയാ റൂമിലെ മൈക്ക്. മുഖ്യമന്ത്രി പത്രസമ്മേളനത്തിനായി ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയപ്പോഴാണ് സൗണ്ട് സിസ്റ്റം തകരാറിലായത്. മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ച് തൃശൂർ പൂരത്തേക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ വളരെ നേർത്ത ശബ്ദം മാത്രമാണ് സൗണ്ട് സിസ്റ്റത്തിലൂടെ പുറത്തു വന്നത്.
ഇതോടെ ടെക്നീഷനെത്തി പരിശോധിച്ചു. മുന്പ് പലപ്പോഴും സൗണ്ട് സിസ്റ്റത്തിന്റെ പേരിൽ രൂക്ഷമായ പ്രതികരണം നടത്തിയിട്ടുള്ള മുഖ്യമന്ത്രി ഇക്കുറി നർമം കലർന്ന മറുപടിയായിരുന്നു അപ്പോൾ പറഞ്ഞത്. ’ മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്, അപ്പോൾ നിങ്ങൾക്കതു ഒരു വാർത്തയായി’. ഈ പരാമർശം പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ എല്ലാവരിലും ചിരി പടർത്തി. തുടർന്ന് പത്രസമ്മേളനം ആരംഭിച്ചു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശേഷം ഡൽഹിയിൽ ഹിന്ദു പത്രത്തിനു നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ വിവാദ ചോദ്യത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ച സംഭവത്തിൽ പിആർ ഏജൻസി ഉൾപ്പെടെയുള്ളവർക്കെതിരേ കേസ് എടുക്കുമോ എന്ന തുടർച്ചയായുള്ള ചോദ്യത്തിനു മുന്നിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ വീണ്ടും വീണ്ടും ചോദിക്കുകയാണെന്നും നിങ്ങൾക്ക് മറുപടിയല്ല വേണ്ട തെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് മനസിൽ വെച്ചാൽ മതിയെന്നും ആ കളി അങ്ങനെ എടുത്തോളാനും കൂട്ടിച്ചേർത്തു.
എന്നാൽ തുടർന്നു ശാന്തനായ മുഖ്യമന്ത്രി പ്രകോപനപരമായ മറ്റു ചോദ്യങ്ങൾക്കെല്ലാം ശാന്തമായ മറുപടി നല്കി. വാർത്താ സമ്മേളനം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി എണീറ്റപ്പോൾ വീണ്ടും ചോദ്യവുമായി മാധ്യമപ്രവർത്തകർ. ഈ ചോദ്യങ്ങൾക്കും മറുപടി നല്കിയ ശേഷമാണ് ഇന്നലെ പത്രസമ്മേളന ഹാൾ വിട്ടത്.