അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച നടപടിക്കു സ്റ്റേ
Friday, October 4, 2024 5:11 AM IST
കൊച്ചി: കേരള സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച സഹകരണ രജിസ്ട്രാറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി മോഹനും മറ്റ് 11 ഭരണസമിതി അംഗങ്ങളും നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി താത്കാലികമായി പുനഃസ്ഥാപിച്ച് ഉടന്‍ ജനറല്‍ ബോഡി യോഗം വിളിക്കാനും കോടതി നിര്‍ദേശിച്ചു.
ജനറല്‍ ബോഡി യോഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പ്രസിഡന്റ് കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ നടപടിയുണ്ടായത്.
സെപ്റ്റംബര്‍ 30നകം ബജറ്റ് അവതരിപ്പിക്കേണ്ടതിനാല്‍ 28നാണ് ബാങ്ക് ഭരണസമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്സ് രഹസ്യ ബാലറ്റിലൂടെ പാസാക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതോടെയാണു നടപടിക്രമം പൂര്‍ത്തിയാക്കാതെ പ്രസിഡന്റ് ഇറങ്ങിപ്പോയത്. എന്നാല്‍, ജനറല്‍ ബോഡിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കാനാകില്ലെന്നു കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.