കൊല്ലം-എറണാകുളം മെമു ട്രെയിൻ: കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ
എസ്.ആർ. സുധീർ കുമാർ
Friday, October 4, 2024 5:17 AM IST
കൊല്ലം: കൊല്ലം-എറണാകുളം പാതയിൽ ഏഴു മുതൽ ആരംഭിക്കുന്ന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനിന്റെ സർവീസ് കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ.
തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം വീതം ഇരുദിശകളിലുമായി 2025 ജനുവരി മൂന്നുവരെ 73 ട്രിപ്പുകൾ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറഞ്ഞിരുന്നത്.
മെമുവിന്റെ സ്റ്റോപ്പുകൾ നിശ്ചയിച്ചുള്ള അറിയിപ്പിലാണ് സർവീസുകൾ നവംബർ 29 വരെയെയുള്ളൂ എന്നു വ്യക്തമാക്കിയിട്ടുള്ളത്. ഇരുദിശകളിലുമായി 40 ട്രിപ്പുകൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനു ശേഷം സർവീസ് നീട്ടുന്ന കാര്യം പരാമർശിക്കുന്നുമില്ല. ഉത്സവകാല സ്പെഷൽ ട്രെയിനിന്റെ ഗണത്തിലാണ് പുതിയ മെമുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല കൊല്ലത്തിനും എറണാകുളത്തിനും മധ്യേ എല്ലാ സ്റ്റേഷനുകളിലും പുതിയ മെമുവിന് സ്റ്റോപ്പും നൽകിയിട്ടില്ല. എക്സ്പ്രസ് ട്രെയിനിനു സമാനമായ സ്റ്റോപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. അതേ സമയം ശനി കൂടി മെമു സർവീസ് നടത്തണമെന്നാണ് റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യം.
റേക്കുകളുടെ എണ്ണം 12 ആയി ഉയർത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ എല്ലാം ആഴ്ചയിൽ ആറു ദിവസവും ഓടുന്നുണ്ട്. മെയിന്റനൻസിന് വേണ്ടിയാണ് ഒരു ദിവസം സർവീസ് നടത്താത്തത്. വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മെമു ട്രെയിൻ പ്രഖ്യാപിച്ചത്. കൊല്ലത്തു നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന മെമു തിരക്ക് കുറയ്ക്കാൻ പര്യാപ്തമാണ്. എന്നാൽ പുതിയ മെമു എറണാകുളത്ത് നിന്ന് വൈകുന്നേരം സർവീസ് നടത്തുന്നുമില്ല. വൈകുന്നേരത്തെ തിരക്ക് ഇതുകാരണം അതേപടി തുടരുകയും ചെയ്യും.