എഡിജിപിയെ രക്ഷിക്കാൻ എന്തിനിത്ര വ്യഗ്രത: ചെന്നിത്തല
Friday, October 4, 2024 5:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനംപോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മർദം പോലും മറികടന്ന് എഡിജിപി അജിത്കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരള ജനതയോടു വ്യക്തമാക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയെയും ഓഫീസിനെയും വെള്ളത്തിലാക്കാൻ കഴിയുന്നത്ര രഹസ്യ രേഖകൾ എഡിജിപി അജിത് കുമാറിന്റെ പക്കലുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിനുംവേണ്ടപ്പെട്ടവരെ രക്ഷിക്കുന്നതിനും വേണ്ടി ബിജെപി, ആർഎസ്എസ് നേതൃത്വവുമായി പിണറായി വിജയൻ നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് ഈ എഡിജിപി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുവേണ്ടി പോലീസിനെ ഉപയോഗിച്ച് സ്വർണമാഫിയയയെ നിയന്ത്രിക്കുന്നതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്. എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകൾ പുറത്തു വിട്ടാൽ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.