കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടേഴ്സിന്റെ പ്രത്യേക പാനലും സ്ക്വാഡും രൂപീകരിക്കാൻ തീരുമാനം
Friday, October 4, 2024 5:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ഷൂട്ടേഴ്സിന്റെ പാനൽ രൂപീകരിക്കാൻ തീരുമാനം. വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. വെടിവയ്ക്കാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ സർവീസിൽ നിന്നും വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പാനൽ രൂപീകരിക്കുക.
പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഈ പാനലിൽ നിന്നും ഷൂട്ടേഴ്സിനെ തെരഞ്ഞെടുക്കാവുന്നതും ഭൂപ്രദേശങ്ങളുമായി പരിചയമുള്ള ആളുകളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കാവുന്നതുമാണ്. ഷൂട്ടേഴ്സിനുള്ള തുക അനുവദിക്കാൻ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാൻ ആവശ്യപ്പെടും. കൊല്ലുന്ന പന്നികളെ മറവു ചെയ്യുന്നതിനുള്ള ചെലവ് തുക വർധിപ്പിക്കും. ഇതിനും ദുരന്തനിവാരണ ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെടും.
പോലീസ്, റവന്യു, കൃഷി, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, ധനകാര്യം, വനം എന്നീ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേർന്ന് പ്രപ്പോസൽ നടപ്പിലാക്കുന്നതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. ഇതിനായി ഇവരുടെ യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി. മലയോര മേഖലയിലെ എം.എൽ.എമാരിൽ നിന്നും ഫലപ്രദമായ നിർദ്ദേശങ്ങൾ തേടാനും യോഗത്തിൽ തീരുമാനമായി.