സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി അര്‍ജുന്റെ സഹോദരി
Friday, October 4, 2024 5:17 AM IST
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായും മനാഫ് വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്റെ ലോറിക്ക് അർജുന്റെ പേരിടാനുള്ള തീരുമാനത്തിൽനിന്നു പിൻമാറിയെന്നും മനാഫ് അറിയിച്ചു. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പിആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000നു മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിനു കൈയിൽ തെളിവുണ്ട്.
കണക്കു പുസ്തകം പരിശോധിച്ചാൽ അതിൽ അർജുന്റെ ഒപ്പ് കാണാം. അര്‍ജുനു ലഭിക്കാനുള്ള ഇൻഷ്വറന്സ്കൂടി മുന്നില്‍ കണ്ടാണ് ഞാനിതുപറഞ്ഞത്. ഈശ്വർ മാൽപേയുമായി ഒരു നാടകവും കളിച്ചിട്ടില്ല. വണ്ടിയുടെ ആർസി ഉടമ സഹോദരൻ മുബീനാണ്. മുബീൻ മാത്രമാണെന്ന് അർജുന്റെ കുടുംബം തെറ്റിദ്ധരിച്ചതാണ്. അദ്ദേഹത്തിന്റെതും കൂടിയാണ് ലോറി. ലോറിയുടെ അറ്റകുറ്റ പ്രവൃത്തികളും കണക്കുകളും നോക്കുന്നത് ഞാനാണ്.
മുക്കത്ത് ഒരു സ്കൂളിൽ ചടങ്ങ് ഉണ്ടായിരുന്നു. മനാഫിന് ഒരു തുക തരുമെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് അതു വേണ്ട എന്നു പറഞ്ഞതാണ്. മാനേജ്മെന്റ് തീരുമാനമെന്നാണ് അവർ പറഞ്ഞത്. അപ്പോൾ അർജുന്റെ മകന് അത് കൊടുക്കുമെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു. അർജുന്റെ മകന് അക്കൗണ്ട് നമ്പറുണ്ടോ എന്നതാണ് ഞാൻ ചോദിച്ച ഏറ്റവും വലിയ തെറ്റ്. ആരെങ്കിലും എനിക്ക് പണം തരുന്നുണ്ടെങ്കിൽ അത് മകന് കിട്ടട്ടേ എന്നാണ് ഞാൻ കരുതിയത്. അതാണ് അവർക്ക് പ്രശ്നമായത്. എന്നാൽ ഞാൻ പരിപാടിക്ക് പോയെങ്കിലും സ്കൂളിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ഇനി ഉപയോഗിക്കേണ്ട എന്ന് കരുതിയ യൂട്യൂബ് ചാനൽ തുടരും. അതിന്റെ പേര് മാറ്റിയിട്ടുണ്ടെന്നും മനാഫ് പറഞ്ഞു.
അതേസമയം, അർജുന്റെ കുടുംബത്തിനുനേരേ രൂക്ഷമായ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കും എതിരേ അർജുന്റെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്.
ഇതോടെ ആത്മാർത്ഥമായി സഹായിക്കാനിറങ്ങിയവർക്ക് ഇതാണു പ്രതിഫലമെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ അർജുന്റെ കുടുംബത്തെ വിമർശിക്കുന്നത്. അർജുന്റെ ഭാര്യക്ക് ജോലി നൽകിയതിനെയും ആളുകൾ വിമർശിക്കുന്നുണ്ട്. മനാഫിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെയും.