സമാനതകളില്ല, ഈ ചരിത്ര നിയോഗത്തിന്
ബിജു കുര്യൻ
Friday, October 4, 2024 5:17 AM IST
പത്തനംതിട്ട: ഇലന്തൂർ സ്വദേശി തോമസ് ചെറിയാന് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കുന്പോൾ സമാനതകളില്ലാത്ത മറ്റൊരു സംഭവമായി ഇതു മാറുകയാണ്. 56 വർഷം മുന്പ് വിമാനാപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹമാണ് ഇന്നലെ കേരളം ഏറ്റുവാങ്ങിയത്. മരണം നടന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ജന്മനാട്ടിലെ ആറടി മണ്ണിൽ തോമസ് ചെറിയാന് അന്ത്യവിശ്രമം ഒരുങ്ങും.
1956 ഫെബ്രുവരി ഏഴിന് ഹിമാചലിലെ റോത്തോങ്ങിലെ ചന്ദ്രഭാഗത്ത് 13 (സി ബി 13) മേഖലയിലാണ് വിമാനം തകർന്നു വീണത്. എഎൻ 12 വിമാനത്തിൽ ഏഴ് ജോലിക്കാരും 92 യാത്രക്കാരുമാണുണ്ടായിരുന്നതെന്ന് 1968 ഫെബ്രുവരി 14നു ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി സ്വരൺസിംഗ് രാജ്യസഭയിൽ വിമാനാപകടം സംബന്ധിച്ചു നടത്തിയ പ്രസ്താവനയാണ് ‘ദീപിക’ പ്രസിദ്ധീകരിച്ചത്.
ഒരു സീനിയർ എയർഫോഴ്സ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം തുടർന്നു നടക്കുന്നതായും ഈ റിപ്പോർട്ടിലുണ്ട്. 18,000 അടി ഉയരത്തിൽ ശ്വാസമെടുക്കാൻ പോലും പ്രയാസമുള്ള മഞ്ഞുമൂടിയ മലനിരകളിലാണ് ഇപ്പോഴും തെരച്ചിൽ നടക്കുന്നത്. മാറിമാറിവന്ന സാങ്കേതികവിദ്യകൾ ഈ തെരച്ചിലിൽ മുതൽക്കൂട്ടായിട്ടുണ്ട്.
2003ൽ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിലെ വിദഗ്ധരാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീടാണ് കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ദൗത്യം ഏറ്റെടുത്തത്. 2005ൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ഇതൊരു ദൗത്യമായി കരസേന തുടരുകയായിരുന്നു. 2006, 2013, 2019 വർഷങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 2019ലെ തെരച്ചിലിൽ ആദ്യമായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ പ്രതീക്ഷകളായി.
മഞ്ഞുമലയിലെ തെരച്ചിൽ അതീവദുഷ്കരമെങ്കിലും സൈന്യം ദൗത്യം തുടർന്നു. കഴിഞ്ഞദിവസം കണ്ടെടുത്ത ഭൗതികശരീരങ്ങൾ ആറ് മണിക്കൂറോളം ചുമന്നാണ് സൈന്യം ഹെലിപ്പാഡിനു സമീപം എത്തിച്ചത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തെരച്ചിൽ തുടരാനാണ് തീരുമാനം. കഴിഞ്ഞദിവസം കണ്ടുകിട്ടിയ നാല് മൃതദേഹങ്ങളിൽ ഒരെണ്ണം ഇനി തിരിച്ചറിയാനുണ്ട്. അതു മലയാളിയായ വയലത്തല സ്വദേശി ഇ.എം. തോമസിന്റേതാണോ എന്നറിയാൻ പരിശോധനകൾ നടന്നുവരുന്നു.