മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല: വി.ഡി. സതീശൻ
Friday, October 4, 2024 5:17 AM IST
വൈപ്പിൻ : വഖഫിന്റെ പേരിൽ മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുനമ്പം കടപ്പുറം മേഖലയിൽ 600 ൽപ്പരം കുടുംബാംഗങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരങ്ങൾക്കും നിയമപോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് കൊടുത്തിരിക്കുന്ന ഭൂമിയിൽ വഖഫ് കൊടുക്കുന്നതിനുമുന്‍പ് താമസക്കാരായവരെ ഒഴിപ്പിക്കാൻ നിയമമില്ല. മറിച്ച് കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നിയമമാണുള്ളത്. മുനമ്പത്തെ കുടുംബങ്ങൾ കൈയേറ്റക്കാരല്ല. പണം നൽകി വാങ്ങിയ ഭൂമിയാണിത്. അതുകൊണ്ട് ഇതു വഖഫ്ഭൂമിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിനിടെ കുടിയിറക്കുഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിസഹായാവസ്ഥ ചൂഷണംചെയ്തു നാട്ടിൽ വർഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഗൂഢാലോചന തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കെ.പി. ധനപാലൻ, അജയ് തറയിൽ, ദീപക് ജോയ്, ടോണി ചമ്മിണി, മുനമ്പം സന്തോഷ്, എം.ജെ ടോമി, സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ഫാ.ആന്റണി സേവ്യർ, വി.എസ്. സോളിരാജ്, കെ.കെ .ബാബു, എന്നിവർ പ്രസംഗിച്ചു.