സചിവോത്തമപുരം ഗവ. ആശുപത്രിക്കു മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ 12ന്
1494176
Friday, January 10, 2025 7:18 AM IST
ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം ഗവൺമെന്റ് ആശുപത്രിയില്‍ കിടത്തിചികിത്സാ വാര്‍ഡുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 12ന് രാവിലെ 11ന് ആശുപത്രിക്ക് മുന്പില് കുറിച്ചി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
13ന് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം 10 കിടക്കകള്‍ മാത്രമുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള വാര്‍ഡാണെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ടിന് ഷീറ്റുകളിട്ടാണ് ഈ വാര്‍ഡ് നിര്‍മിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 56 കിടക്കകളുമുണ്ടായിരുന്ന ആശുപത്രിയിലെ പഴയ കെട്ടിടം കാലപ്പഴക്കത്താലാണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിടം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നാലു വര്‍ഷം പിന്നിട്ടു. പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ ജനങ്ങളാണ് ദുരിതത്തിലായതെന്നും നേതാക്കള്‍ ആരോപിച്ചു.
പുതിയ കെട്ടിടത്തിനായി 2.42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാൽ, പണം അനുവദിച്ചുവെന്നുള്ള ഫ്ളെക്സ് ബോര്‍ഡ് മാത്രമാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. ആരോഗ്യമന്ത്രിയും എംഎല്‍എയും നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ഇരുവരും ജനങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടനാരംഭിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ ബാബു,
മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജഗോപാല്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.