ജ്വല്ലറിയിൽനിന്ന് 2.25 ലക്ഷത്തിന്റെ സ്വർണം കവർന്നു
1493966
Friday, January 10, 2025 12:01 AM IST
കോട്ടയം: നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍ വന്‍ തട്ടിപ്പ്. ബാങ്ക് നെറ്റ്വര്‍ക്ക് തകരാറിന്റെ പേരില്‍ സ്വര്‍ണക്കടയില്‍നിന്ന് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വര്‍ണമാണ് യുവാവ് തട്ടിയെടുത്തത്.
ഡിസംബർ 31ന് കോട്ടയം ചന്തക്കവലയിലെ ശ്രീലക്ഷ്മണ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ജ്വല്ലറി ഉടമകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ഡിസംബര്‍ 31നു വൈകുന്നേരം നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് കടയില്‍ എത്തുന്നത്.
തുടര്‍ന്ന് വിവാഹ വാര്‍ഷികമാണെന്ന് പറയുകയും ഭാര്യയ്ക്ക് സ്വര്‍ണം സമ്മാനമായി വാങ്ങി നല്‍കുന്നതിനായി എത്തിയതാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് സ്വര്‍ണം കാണിക്കുകയും ഇദ്ദേഹം ഇതു തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന്, ഗൂഗിള്‍ പേ ആയി പണം അയയ്ക്കാമെന്ന് അറിയിച്ചു. പണം ഗൂഗിള്‍ പേയിലൂടെ അയയ്ക്കാനാവാതെ വന്നതോടെയാണ് അക്കൗണ്ടിലൂടെ അയയ്ക്കാന്‍ തീരുമാനിച്ചത്.
നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍നിന്നു പോയെങ്കിലും ജ്വല്ലറിയുടെ അക്കൗണ്ടില്‍ കയറിയില്ലെന്ന് പ്രവീണ്‍ കട ഉടമയെ വിശ്വസിപ്പിച്ചു. ഒരു മണിക്കൂര്‍ കടയില്‍ ചെലവഴിച്ച പ്രവീണ്‍ ആറോടെ മടങ്ങുകയും ചെയ്തു.
ഇതിനിടെ കട ഉടമ ബാങ്കിനെയും പോലീസിനെയും ബന്ധപ്പെട്ടെങ്കിലും വര്‍ഷാന്ത്യമായതിനാല്‍ സെര്‍വര്‍ അപ്ഡേഷന് നടക്കുന്നതിനാല്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. 31ന് രാത്രി ഒന്‍പതോടെ പ്രവീണ്‍ എന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി മനസിലാകുന്നത്. സംഭവത്തിന്റെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.