അഞ്ചുമന പാലം, വൈപ്പിൻപടി - ടി.വി. പുരം റോഡ് ഉദ്ഘാടനം 18ന്
1494167
Friday, January 10, 2025 7:06 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡിൽ വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപമുള്ള അഞ്ചുമന പാലത്തിന്റെയും വൈപ്പിൻപടി - ടി.വി. പുരം റോഡിന്റെയും ഉദ്ഘാടനം 18ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു. അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം വെച്ചൂർ ഔട്ട് പോസ്റ്റ് പരിസരത്തും ടി.വി. പുരം - വൈപ്പിൻപടി റോഡിന്റെ ഉദ്ഘാടനം ടി.വി.പുരത്തുമാണ് സംഘടിപ്പിക്കുന്നത്.
കിഫ്ബി ധനസഹായത്തോടെ 3.31 കോടി രൂപ വിനിയോഗിച്ചാണ് അഞ്ചുമനപ്പാലം പൂർത്തീകരിച്ചത്. 18മീറ്റർ നീളത്തിലും 13മീറ്റർ വീതിയിലും ഇരുവശങ്ങളിലുമായി 90 മീറ്റർ സമീപ റോഡ്, ഇരുവശങ്ങളിലും ക്രാഷ് ബാരിയർ, വാക്ക് വേ എന്നിവ ഉൾപ്പെടെയാണ് പാലം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 10കോടി രൂപ വിനിയോഗിച്ചാണ് 7.9 കിലോമീറ്റർ ദൂരത്തിൽ ടി.വി.പുരം പഞ്ചായത്തിനെയും വൈക്കം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൈപ്പിൻപടി - ടി.വി. പുരം റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്.