കരാറുകാര്‍ പിന്‍വലിഞ്ഞു; റേഷന്‍ കടകള്‍ കാലി
1493679
Thursday, January 9, 2025 12:01 AM IST
കോട്ടയം: ഈ മാസം റേഷന്‍ സാധനങ്ങളുടെ വിതരണം താറുമാറാകും. റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി കരാറുകാര്‍ക്ക് 90 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാതെ ഇനി വിതരണമുണ്ടാകില്ല.
ജില്ലയിലെ 5.5 ലക്ഷം കാര്‍ഡുടമകള്‍ 963 റേഷന്‍ കടകളില്‍നിന്നാണ് റേഷന്‍ വാങ്ങുന്നത്. കുടിശിക അടുത്തയാഴ്ച നല്കിയാല്തന്നെ കടകളില്‍ വിതരണം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഏറെ റേഷന്‍ കടകളിലും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ സ്റ്റോക്ക് പരിമിതമാണ്. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് നല്‍കേണ്ട 35 കിലോ ധാന്യങ്ങള്‍ നല്‍കുക ദുഷ്കരമായതോടെ പരമ ദരിദ്രവിഭാഗം കൂടുതല്‍ ദുരിതപ്പെടും.
വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടുത്തയാഴ്ചയോടെ അടച്ചിടേണ്ടിവരും. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷന്‍ കടക്കാരന് ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷന്‍ വ്യാപാരികള്‍ക്ക് വരുമാന നഷ്ടമുണ്ടാകുകയും ചെയ്യും.
വിതരണക്കാര്‍ക്ക് പലപ്പോഴും അര്‍ഹമായ തുകയുടെ പകുതി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും റേഷന്‍ കടകളിലേക്കും കരാറുകരാണ് സാധനങ്ങള്‍ എത്തിക്കുന്നത്. കയറ്റിറക്കുകൂലി, ലോറി വാടക തുടങ്ങിയ ചെലവുകള്‍ വഹിക്കണം. ഇക്കാരണത്താല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയും അവതാളത്തിലാകുമെന്നാണ് സൂചന.
സെപ്റ്റംബറില്‍ 60 ശതമാനം മാത്രം തുകയാണ് കരാറുകാര്‍ക്ക് നല്‍കിയത്. നവംബര്‍ വരെയുള്ള മുഴുവന്‍ തുകയും ലഭിക്കുകയും 2024 സെപ്റ്റംബര്‍ വരെ ഓഡിറ്റിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമേ ഈ മാസം വിതരണം നടത്തുകയുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യങ്ങള്‍ വിശദമാക്കി മാസങ്ങള്‍ക്കു മുന്‍പ് വകുപ്പ് മന്ത്രിക്ക് കത്തു നല്‍കിയശേഷവും സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണ്.