നെടുംകുന്നം പഞ്ചായത്ത് തോക്കെടുത്തു : കാട്ടുപന്നികളേ, വിട്ടോളൂ...
1494175
Friday, January 10, 2025 7:18 AM IST
നെടുംകുന്നം: കാട്ടുപന്നി ശല്യം ഒഴിവാക്കാൻ നെടുംകുന്നം പഞ്ചായത്ത് തോക്കെടുക്കുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പഞ്ചായത്ത് അധികൃതർ തോക്ക് ലൈസൻസുള്ള ആറുപേരെ കാട്ടുപന്നി വേട്ടയ്ക്കായി നിയോഗിക്കുന്നത്. ഇവരുടെ സേവനം പഞ്ചായത്തിലുടനീളം ഇനി ലഭ്യമാകും.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ട് വർഷങ്ങളേറെയായി. വളർത്തുമൃഗങ്ങളെ ആക്രമിക്കുക, കൃഷികൾ നശിപ്പിക്കുക, ബൈക്ക് യാത്രികരെയും കാൽനടയാത്രികരെയും ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാധാരണയാണ്.
പന്നികളെ ഭയന്ന് കൃഷിയിറക്കാനും പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യം വന്നതോടെയാണ് നാട്ടുകാർ വിഷയം പഞ്ചായത്തിനെ ധരിപ്പിച്ചത്. പന്നികളെ തുരത്താനായി ലൈസൻസുള്ളവരെ ചുമതലപ്പെടുത്താനുള്ള സർക്കാർ അനുമതിയും ലഭിച്ചു. കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
നേരത്തെ രണ്ടു തവണ കർഷകരുടെ ആവശ്യപ്രകാരം സംഘം രാത്രിയിൽ പന്നികളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലൈസൻസുള്ളവരുടെ പേരു വിവരങ്ങൾ പഞ്ചായത്തും കൃഷിവകുപ്പ് അധികൃതരും പരസ്യപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് ഇവരെ നേരിൽ ബന്ധപ്പെടാവുന്നതാണ്.