കെഎസ്ആര്‍ടിസി ജംഗ്ഷനിലെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ കമാനത്തിന്റെ കാലുകള്‍ക്ക് പ്ലാസ്റ്ററിടണം
1493899
Thursday, January 9, 2025 7:03 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള കമാനം കണ്ടാല്‍ ആരും മൂക്കത്തു കൈവയ്ക്കും.
കമാനത്തിന്റെ കാലുകള്‍ ജീര്‍ണിച്ചു തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആശുപത്രി വികസന സമിതിയും നഗരസഭയും ചേര്‍ന്നു നിര്‍മിച്ച കമാനമാണ് തകര്‍ച്ച നേരിടുന്നത്.
വീതികുറഞ്ഞ റോഡിന്റെ കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കമാനത്തില്‍ വാഹനങ്ങളിടിച്ചും മുട്ടിയുമാണ് ഈ അവസ്ഥയിലെത്തിയത്. കമാനത്തിന്റെ കാലുകളിലെ പാനലിംഗ് പൊളിഞ്ഞതോടെ ഇതിന്റെ സമീപത്തുകൂടി പോകുന്നവര്‍ക്കുപോലും അപകട സാധ്യത നിലനില്‍ക്കുകയാണ്.
55 ലക്ഷം രൂപ മുടക്കില്‍ ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ നവീകരണം നടന്നു വരികയാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ജീര്ണാവസ്ഥയില് നിലകൊള്ളുന്ന കമാനത്തിനുകൂടി പ്ലാസ്റ്റര്‍ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭയുടെ കീഴിലുള്ളതാണ് ഈ ആശുപത്രി.