കനാലുകള്‍ തുറന്ന് ജലവിതരണം ആരംഭിക്കുന്നതിനു നടപടി
1494166
Friday, January 10, 2025 7:06 AM IST
കടുത്തുരുത്തി: വരള്‍ച്ച രൂക്ഷമാകുന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ ജലസേചന നദീജല പദ്ധതിയുടെ ഭാഗമായുള്ള കനാലുകള്‍ തുറക്കുന്നതിനും ജലവിതരണം ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കനാല്‍ ജലവിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി എംവിഐപി കനാലുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരമാവധി സ്ഥലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജലവിതരണ കലണ്ടറിന് രൂപം നല്കി.
14, 15 തീയതികളില്‍ പിറവം - ഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറികളില് നിന്ന് മുളക്കുളം, മരങ്ങോലി ബ്രാഞ്ച് കനാലുകളിലേക്ക് ജലവിതരണം നടത്തും. 16, 17 തീയതികളില്‍ കൂത്താട്ടുകുളം വെളിയന്നൂര്‍ ഡിസ്ട്രിബ്യൂട്ടറി, പെരുവ ഡിസ്ട്രിബ്യൂട്ടറി എന്നിവിടങ്ങളിലും 18, 19, 20 തീയതികളില്‍ കുറവിലങ്ങാട് മേജര്‍ ഡിസ്ട്രിബ്യൂട്ടറി കിടങ്ങൂര്‍ - കടപ്പൂര് കനാലുകളിലൂടെയും 20, 21, 22 തീയിതകളില്‍ മാഞ്ഞൂര്‍,
മുട്ടുചിറ, കാട്ടാമ്പാക്ക്, വെളിയംകോട്, കുറുപ്പന്തറ, കോതനല്ലൂര്‍, കുറുമുള്ളൂര്‍, ഏറ്റുമാനൂര്‍ ഡിസ്ട്രിബ്യട്ടറികളിലൂടെയും ജലവിതരണം നടത്താനാണ് തീരുമാനം.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കനാല്‍ ജലവിതരണത്തിന്റെ പ്രയോജനം മുളക്കുളം, ഞീഴൂര്‍, വെളിയന്നൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, മാഞ്ഞൂര്‍, കടുത്തുരുത്തി, കാണക്കാരി, കടപ്ലാമറ്റം, കിടങ്ങൂര്‍ പഞ്ചായത്തുകളിൽ ലഭിക്കും.