തോട്ടപ്പയറിന് വിലയേറും, ആവശ്യക്കാരേറെ
1493675
Thursday, January 9, 2025 12:01 AM IST
കോട്ടയം: ഡിമാന്‍ഡ് വര്‍ധിച്ചതോടെ തോട്ടപ്പയറിന് ഇക്കൊല്ലവും മെച്ചവില ലഭിച്ചേക്കും. റബര്‍ തൈകളുടെ ചുവട്ടില്‍ തണുപ്പുകിട്ടാന്‍ നടുന്ന നാടന്‍ പടല് വിത്ത് കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം ആയിരം രൂപ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത മാസം വേനലില്‍ പയര്‍ ബീന്‍സ് ഉണങ്ങി വിത്ത് ശേഖരിക്കുമ്പോള്‍ 700 രൂപയില്‍ കുറയാതെ വില ലഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
റബര്‍തോട്ടങ്ങളില്‍ തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനുമാണ് തോട്ടപ്പയര്‍ കൃഷിചെയ്യുന്നത്. റബര്‍ ഉത്പാദനം കൂടാനും മണ്ണിലെ നൈട്രജന്റെ അളവ് നിലനിര്‍ത്താനും സഹായകമാണ്. കാലിത്തീറ്റയായും ഉപയോഗിക്കാം. കേരളത്തില്‍നിന്ന് തോട്ടപ്പയര്‍ വിത്ത് മലേഷ്യ, തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
അവിടെ റബറിനും എണ്ണപ്പനയ്ക്കും ഇടവിളയായി തോട്ടപ്പയര്‍ കൃഷി ചെയ്യുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ തോട്ടങ്ങളിലേക്കും വിത്ത് കൊണ്ടുപോകുന്നുണ്ട്. സമീപകാലത്ത് വിഷാംശമുള്ള കട്ടുപയര് വ്യാപകമായതോടെ നാടന്‍ പടല് തോട്ടങ്ങളില്‍ ഇല്ലാതായി.
റബര്‍കുരുവിനും
വിലയുണ്ട്
കോട്ടയം: മഴക്കാലം നീണ്ടതോടെ റബര്‍ കുരുവിന് ക്ഷാമം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിപുലമായ രീതിയില്‍ റബര്‍ നഴ്സറികള്‍ നടത്തുന്ന മലയാളികള്‍ കിലോ 150 രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം കുരു ശേഖരിച്ചത്. നിലവില്‍ കുരു ഒരിടത്തും കിട്ടാനില്ലെന്ന് നഴ്സറിക്കാര് പറയുന്നു. മലയന്‍ നാടന്‍ ഇനങ്ങള്‍ ഇല്ലാതായതോടെ ബഡ് മരങ്ങളുടെ കുരുവാണ് ഇപ്പോഴുള്ളത്.റബര്‍ കുരു ശേഖരിക്കാന്‍ ഇക്കാലത്ത് ആരും താത്പര്യപ്പെടാത്തതും ക്ഷാമത്തിന് കാരണമായി.
ഈ സാഹചര്യത്തില്‍ എത്ര ഉയര്‍ന്ന വിലയിലും വിത്തു വാങ്ങാന്‍ നഴ്സറിക്കാര് തയാറായി.
മുന്‍കാലങ്ങളിലേതുപോലെ മാര്‍ത്താണ്ഡം, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്ന് കുരു എത്തുന്നില്ല. സാധാരണ ഓഗസ്റ്റ് അവസാനം തുടങ്ങി സെപ്റ്റംബര്‍ അവസാനം വരെയാണ് ശേഖരണകാലം. ഇക്കൊല്ലം തോട്ടങ്ങളില്‍ വിരളമായേ റബര്‍കുരു പൊട്ടിവീണുള്ളു.