ഇടുക്കി ജില്ലയിൽ 4604 ഹെക്ടറിൽ കൃഷിനാശം: നഷ്ടം 13.79 കോടി
1493963
Thursday, January 9, 2025 11:39 PM IST
തൊടുപുഴ: കഴിഞ്ഞ വർഷം ഇടുക്കി ജില്ലയിൽ ഉണ്ടായത് 13.79 കോടിയുടെ കൃഷിനാശം. 4604 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഒരു വർഷത്തിനിടെ നശിച്ചത്. 19,221 കർഷകരെയാണ് കൃഷിനാശം ബാധിച്ചത്. കാലവർഷക്കെടുതികളിലും വരൾച്ചയിലുമാണ് കൂടുതലും കൃഷി നശിച്ചത്. ഏലം മേഖലയിൽ കനത്ത നാശമാണ് നേരിട്ടത്.
കുരുമുളക്, വാഴ, ഏലം എന്നിവയാണ് വ്യാപകമായി നശിച്ചത്. 1.693 ഹെക്ടർ സ്ഥലത്തെ 18,44,616 കുരുമുളക് ചെടികളാണ് നശിച്ചത്. 13,738 കർഷകരുടെ കൃഷിയാണ് നശിച്ചത്. 13.843 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 369 ഹെക്ടർ സ്ഥലത്തെ 6,43,678 വാഴ കാറ്റിലും മഴയിലും വരൾച്ചയിലും നശിച്ചു.
2925 കർഷകരുടെ കൃഷിയാണ് നഷ്ടപ്പെട്ടത്. വരൾച്ചയിൽ ഏലച്ചെടികൾ വൻതോതിൽ തകർന്നടിഞ്ഞു. 31.885 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചതായാണ് കണക്ക്. 22.298 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
167.67 ഹെക്ടർ സ്ഥലത്തെ 31597 ജാതി കൃഷി നശിച്ചു. 3228 കർഷകർക്കായി 1.105 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കായ്ക്കാത്ത 9569 ജാതിച്ചെടികളും നശിച്ചിരുന്നു. 1091 കർഷകർക്ക് നഷ്ടം സംഭവിച്ചു.
276 കർഷകരുടെ 1472 തെങ്ങ്, 104 കർഷകരുടെ 1446 ഗ്രാന്പൂ എന്നിവയും കെടുതികളിൽ നശിച്ചിട്ടുണ്ട്. പൈനാപ്പിൾ -3.600 ഹെക്ടർ, പച്ചക്കറി മൂന്ന് ഹെക്ടർ, തേയില- 1.700 ഹെക്ടർ, മരച്ചീനി 50.32 ഹെക്ടർ, മറ്റ് കിഴങ്ങു വർഗം -1.840 ഹെക്ടർ എന്നിവയാണ് മറ്റ് നഷ്ടപ്പെട്ട വിളകളുടെ കണക്ക്.
കരിഞ്ഞുണങ്ങി ഏലം കൃഷി
കനത്ത വേനൽച്ചൂടിൽ ഉടുന്പൻചോല, ഇടുക്കി താലൂക്കുകളിലെ ഏലം കൃഷി 70 ശതമാനത്തിലേറെയാണ് നശിച്ചത്. 2024 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 17944 ഏലം കർഷകർക്ക് കൃഷിനാശമുണ്ടായതായും 4368.8613 ഹെക്ടറിലെ ഏലം നശിച്ചതായും 10.93 കോടിയുടെ നാശനഷ്ടമുണ്ടായതായുമാണ് കണക്ക്. കൃഷി ഭൂരിപക്ഷവും നശിച്ച സാഹചര്യത്തിൽ കൃഷിമന്ത്രി പി. പ്രസാദ് നേരിട്ട് കൃഷിനാശമുണ്ടായ മേഖലകളിൽ സന്ദർശനം നടത്തി. പിന്നീട് പ്രത്യേക സംഘം പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തുകയും ചെയ്തു.
കർഷകർക്ക് ധനസഹായമായി കേന്ദ്ര വിഹിതമായി 78,53,208 രൂപ എഐഎംഎസ് പോർട്ടലിൽ അംഗീകരിച്ചു. എന്നാൽ ഇത് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 65 കർഷകരുടെ കൃഷിസ്ഥലം ഒലിച്ചു പോകുകയും ചെയ്തു. ഇവർക്കായി 8,97,042 രൂപ നഷ്ടപരിഹാരമായി അനുവദിച്ചതെങ്കിലും ഇതും നൽകിയിട്ടില്ല.
നഷ്ടപരിഹാരം അനുവദിച്ചത് 9.12 കോടി
കഴിഞ്ഞ വർഷം കാർഷിക മേഖലയിൽ ഉണ്ടായ വിളനാശത്തിന്റെ പേരിൽ കൃഷി വകുപ്പിനു മുന്നിലെത്തിയത് 12,581 കർഷകരുടെ അപേക്ഷകളാണ്. 9.12 കോടിയുടെ ധനസഹായമാണ് അനുവദിച്ചത്. ദേവികുളം -53.84 ലക്ഷം, അടിമാലി -1.92 കോടി, കട്ടപ്പന-3.77 കോടി, പീരുമേട്-76.90 ലക്ഷം, ഇടുക്കി -1.44 കോടി, നെടുങ്കണ്ടം 47 ലക്ഷം, ഇളംദേശം -19.29 ലക്ഷം, തൊടുപുഴ 5.73 ലക്ഷം എന്നിങ്ങനെയാണ് ഓരോ ബ്ലോക്കുകളിലും അനുവദിച്ച നഷ്ടപരിഹാരത്തുക. ഇതിൽ 1579 കർഷകർക്കായി 79.38 ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്തത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള തുകയാണ് വിതരണം ചെയ്തത്.