ബഷീർ അവാർഡ് പി.എൻ. ഗോപീകൃഷ്ണന്
1493896
Thursday, January 9, 2025 7:03 AM IST
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീർ അവാർഡ് പ്രശസ്ത കവി പി.എൻ. ഗോപികൃഷ്ണന്. അദ്ദേഹത്തിന്റെ കവിത മാംസഭോജിയാണ് എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഭാഷാപോഷിണി മുൻ എഡിറ്ററും എഴുത്തുകാരനുമായ കെ.സി.നാരായണൻ, ഡോ. എൻ.അജയകുമാർ, ഡോ.കെ. രാധാകൃഷ്ണ വാര്യർ എന്നിവരടങ്ങിയ ജഡ്ജിഗ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 21ന് തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.