ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ
1493677
Thursday, January 9, 2025 12:01 AM IST
അയ്മനം: അയ്മനത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം ആറാട്ടുകടവിനു സമീപം പുത്തൻപുരയിൽ ബേബിച്ച (60) ന്റെ മൃതദേഹമാണ് വീടിനുള്ളിൽ കാണപ്പെട്ടത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായി കരുതുന്നെന്ന് അയൽവാസികൾ പറഞ്ഞു. കുറെ നാളുകൾക്കു മുമ്പ് വരെ കുടയംപടി കവലയിൽ ചെറിയ കടയിൽ കച്ചവടം നടത്തിവരുകയായിരുന്നു, ഒറ്റക്കായിരുന്നു താമസം. ഭാര്യയും മക്കളും പൂനെയിൽ സ്ഥിരതാമസമാണ്. ഇദ്ദേഹവും അവിടെ ആയിരുന്നു. കുറച്ചു നാളുകൾക്കു മുമ്പാണ് തിരിച്ചു വന്നത്.
താമസിക്കുന്ന വീടിന്റെ ജനലുകളും കതകുകളും തുറന്നു കിടക്കുകയായിരുന്നു. ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഇയാളെ വെളിയിൽ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ തെരച്ചിലിൽ മുറിക്കുള്ളിൽ ദിവാൻ കോട്ടിൽ മരിച്ചു കിടക്കുന്നതായി കാണുകയുമായിരുന്നു. തുടർന്ന് വാർഡ് മെംബറെയും പോലീസിനെയും നാട്ടുകാർ വിവരം അറിയിച്ചു. വെസ്റ്റ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ: ഷീജ. മക്കൾ: വിഷ്ണു, ജിഷ്ണു.