റോഡുകളുടെ തകർച്ച : ഇന്ന് ജനകീയ മാർച്ച്
1494165
Friday, January 10, 2025 7:06 AM IST
കടുത്തുരുത്തി: റോഡ് പുനരുദ്ധാരണത്തിന് ഭരണാനുമതി നല്കാന് നടപടി സ്വീകരിക്കാത്ത സര്‍ക്കാർ അനാസ്ഥയില്‍ പ്രതിഷേധിച്ചു കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കടുത്തുരുത്തിയില്‍ ജനകീയ മാര്‍ച്ചും പ്രതിഷേധക്കൂട്ടായ്മയും നടത്തും.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കടുത്തുരുത്തി - പിറവം റോഡ്, കീഴൂര്‍ - അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡ് , മുട്ടുചിറ - വാലാച്ചിറ - എഴുമാന്തുരുത്ത് - വടയാര്‍ റോഡ്, മൂളക്കുളം - വെള്ളൂര്‍ - വെട്ടിക്കാട്ടുമുക്ക് റോഡ് എന്നീ റോഡുകൾ യാത്ര ചെയ്യാന്‍ കഴിയാത്തവിധം തകര്‍ന്നുകിടക്കുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി കടുത്തുരുത്തി എംഎല്‍എ ഓഫീസില്‍ ചേരും. നാലിന് ആരംഭിക്കുന്ന ജനകീയ മാര്‍ച്ച് ടൗണ്‍ ചുറ്റി പ്രകടനം നടത്തിയ ശേഷം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജില്‍ പ്രതിഷേധ കൂട്ടായ്മയും വിശദീകരണ സമ്മേളനവും നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പിടുന്നതിന് വിട്ടുകൊടുത്തിട്ടുള്ള കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് റീച്ചിന്റെ റീ ടാറിംഗ് നടത്തുന്നതിനും അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡിന്റെ റീ ടാറിംഗ് നടത്തി പുനരുദ്ധരിക്കുന്നതിനും തയാറാക്കിയ ഫയൽ ആറുമാസം കഴിഞ്ഞിട്ടും സര്‍ക്കാർ അനുമതിക്കായി കാത്തുകിടക്കുകയാണ്.
സര്‍ക്കാര്‍ ഫണ്ട് നല്കാത്തതിനാല് മുടങ്ങിയ പെരുവ - പെരുവാമുഴി റോഡിന്റെയും മുട്ടുചിറ - വാലാച്ചിറ - എഴുമാന്തുരുത്ത് വടയാര്‍ റോഡിന്റെയും മുളക്കുളം - വെള്ളൂര്‍ - വെട്ടിക്കാട്ടുമുക്ക് റോഡിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനോ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു തുടക്കംകുറിച്ച റോഡ് നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഭരണപരാജയത്തിനും കെടുകാര്യസ്ഥതയ്ക്കും തെളിവാണെന്ന് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കടുത്തുരുത്തി - പിറവം - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്നുകിടക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടുകളും ചൂണ്ടിക്കാണിച്ചു സബ്മിഷന് അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് - ജലസേചന വകുപ്പ് മന്ത്രിമാര്‍ക്ക് കഴിയാതെപോയതിനാലാ ണ് റോഡ് നന്നാക്കാന്‍ കാലതാമസമെടു ത്തതെന്നു മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.