സുഹൃത്തുക്കളുടെ അമ്മമാർ ഒരുമിച്ച് വിടവാങ്ങി
1493925
Thursday, January 9, 2025 11:01 PM IST
മുണ്ടക്കയം ഈസ്റ്റ്: കഴിഞ്ഞ 16 വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ അമ്മമാർ ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒന്നിച്ച് വിട പറഞ്ഞു. പാലൂർക്കാവ് പുളിക്കക്കുഴിയിൽ തങ്കമ്മ (88), തെക്കേമല കല്ലുകുന്നേൽ മേരി ഏബ്രഹാം (78) എന്നിവരാണ് ഒരു മണിക്കൂർ വ്യത്യാസത്തിൽ ബുധനാഴ്ച മരിച്ചത്.
മേരിയുടെ മകൻ ജോസും തങ്കമ്മയുടെ മകൻ പ്രസാദും ഒരുമിച്ച് വർഷങ്ങളായി ആശാരി ജോലി ചെയ്യുന്നവരാണ്. അസുഖ ബാധിതയായി കിടന്ന ഒരാളുടെ അമ്മ മരിച്ച വിവരം അറിഞ്ഞ് കാണാൻ പോകുമ്പോഴാണ് മറ്റേയാളുടെ അമ്മ മരിച്ചെന്ന് അറിയിച്ച് ഫോൺവിളി എത്തുന്നത്. തങ്കമ്മയുടെ സംസ്കാരം വീട്ടുവളപ്പിലും മേരിയുടെ സംസ്കാരം തെക്കേമല സെന്റ് മേരീസ് പള്ളിയിലും നടത്തി.
തങ്കമ്മയുടെ ഭർത്താവ് പരേതനായ തങ്കപ്പൻ മേസ്തിരി. മക്കൾ: പ്രസാദ്, രാധാമണി, പൊന്നമ്മ, ഓമന, രജനി. മരുമക്കൾ: ശോഭ, ഗോപി, ഭാസ്കരൻ, സജി, പരേതനായ സുരേന്ദ്രൻ. മേരിയുടെ ഭർത്താവ്: ഏബ്രഹാം അവിര. മക്കൾ: ജോസ്, സോബി, തങ്കച്ചൻ. മരുമക്കൾ: ഡെയ്സി, മിനി, ജീന.