വയോധികന്റെ പെട്ടിക്കട രാത്രിയില്‍ അജ്ഞാത വാഹനമിടിച്ചു തകര്‍ത്തു
1493892
Thursday, January 9, 2025 7:03 AM IST
കടുത്തുരുത്തി: റോഡരികില്‍ പെട്ടിക്കട നടത്തി കുടുംബം പോറ്റിയിരുന്ന വയോധികന്റെ കട രാത്രിയില്‍ അജ്ഞാത വാഹനമിടിച്ചു തകര്‍ത്തു.
കട തകര്‍ന്നതോടെ നിര്‍ധനനായ വയോധികന്റെയും ഭാര്യയുടെയും ഏക വരുമാനമാര്‍ഗം ഇല്ലാതായി. മാന്നാര്‍ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മഠത്തിക്കുന്നേല്‍ മണി (77) യുടെ കടയാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വാഹനമിടിച്ചു തകര്‍ന്ന കട റോഡില്‍ തലകുത്തനെ കിടക്കുന്ന നിലയിലായിരുന്നു.
ആറ് വര്‍ഷത്തിലേറേയായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കടയാണ്. ചായയും കാപ്പിയും ചെറുകടികളും വിറ്റിരുന്ന കടയുടെ പ്രവര്‍ത്തനം രാത്രി 11 മുതല്‍ രാവിലെ ഏഴ് വരെയായിരുന്നു.
ഒരു മാസം മുമ്പ് പകല്‍ ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ചു കടയുടെ സമീപത്തെ ആളുകള്‍ ഇരിക്കുന്ന ഭാഗം തകര്‍ന്നിരുന്നു. തുടര്‍ന്ന് കട അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ കടുത്തുരുത്തി പോലീസിലും പിഡബ്യൂഡിയിലും പരാതി നല്‍കിയതായും അദേഹം പറഞ്ഞു.