Sports
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.
മിച്ചൽ മാർഷിന്റെ പ്രകടനമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. മാർഷ് പുറത്താകാതെ 52 പന്തിൽ 46 റണ്‍സെടുത്തു. ജോഷ് ഫിലിപ്പ് 37 റണ്‍സും നേടി. മാറ്റ് റെൻഷോ പുറത്താകാതെ 21 റണ്‍സും നേടി. ജോഷ് ഫിലിപ്പിനു പുറമേ ട്രാവിസ് ഹെഡിന്റെയും (8) മാത്യു ഷോർട്ടിന്റെയും (8) വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് നേടി. മഴ മൂലം മത്സരം 26 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനർനിർണയിക്കുകയായിരുന്നു. 21.3 ഓവറിൽ ഓസ്ട്രേയിലിയ ലക്ഷ്യം മറികടന്നു.
ഇന്ത്യയ്ക്കായി 31 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും 38 പന്ത് നേരിട്ട് 31 റൺസ് നേടിയ അക്സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസ് എന്ന നിലയിലാണ്.
ഗംഭീര തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് പിഴുത എം.ഡി.നിധീഷ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കി. പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് നേടിയത്.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണിയും (പൂജ്യം), നാലാം ഓവറിൽ ക്യാപ്റ്റൻ അൻകിത് ബാവ്നെയും (പൂജ്യം) പുറത്തായതോടെ മഹാരാഷ്ട്രയുടെ സ്കോർ അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. സ്കോർ 18-ൽ നിൽക്കേ 12 റൺസ് നേടിയ സൗരഭ് നവാലെ കൂടി വീണതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി.
എന്നാൽ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്വാദും ജലജ് സക്സേനയും ഒത്തുചേർന്നതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. 91 റൺസ് നേടിയ ഋതുരാജിനെയും 49 റൺസ് നേടിയ സക്സേനയെയും മടക്കി മത്സരം കേരളം വീണ്ടും വരുതിയിലാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു.
കളിനിർത്തുമ്പോൾ രാമകൃഷ്ണ ഗോഷ് (11), വിക്കി ഒസ്വാൾ (10) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി എം.ഡി. നിധീഷ് നാലും എൻ. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Sports
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്കായി ഓപ്പണർ യശസ്വി ജയ്സ്വാൾ സെഞ്ചുറിയും സായി സുദർശൻ അർധ സെഞ്ചുറിയും കുറിച്ചു.
145 പന്തുകളിൽനിന്നാണ് ജയ്സ്വാൾ 100 കടന്നത്. 16 ഫോറുകളുടെ അകന്പടിയോടെയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ജയ്സ്വാളിന്റെ ഏഴാം സെഞ്ചുറിയാണിത്. ജയ്സ്വാളിനൊപ്പം അർധ സെഞ്ചുറിയുമായി സായ് സുദർശനും (113 പന്തിൽ 62) പുറത്താകാതെ നിൽക്കുന്നു.
മത്സരം 52 ഓവറുകൾ പിന്നിടുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 38 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
NRI
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാസിൽഡണിലെ ഫയർ ഫാൽക്കൺസ് ടീം കിരീടം നേടി.
വാശിയേറിയ ഫൈനലിൽ ക്ഷത്രിയൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫാൽക്കൺസ് കിരീടം ചൂടിയത്. ക്യാപ്റ്റൻ അനൂപ് മാത്യു ഫാൽക്കൺസിന് വേണ്ടി സ്റ്റെർലിംഗ് സ്ട്രീറ്റ് മോർട്ടേജ് ഉടമ ജിജോ മടുക്കക്കുഴിയിൽ നിന്നും കിരീടം ഏറ്റുവാങ്ങി.
ടൂർണമെന്റിലെ മികച്ച താരവും ബൗളറുമായി ടിജിത്ത് കെ. ശശിയെയും (ഫയർ ഫാൽക്കൺസ്) ബാറ്ററായി അജിത് കുമാറിനെയും (ക്ഷത്രിയൻസ്) ഫീൽഡറായി അശ്വിൻ അബ്രഹാമിനെയും (ഫയർ ഫാൽക്കൺസ്) തെരഞ്ഞെടുത്തു.
സോഷ്യൽ ക്ലബിന് വേണ്ടി ജിപ്സൺ മറുത്തോസ് നന്ദി പറഞ്ഞു.
Sports
കൊളംബോ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ 88 റണ്‍സിന് കീഴ്പ്പെടുത്തിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റണ്‍സിന് ഓൾഒൗട്ടായി. ക്രാന്തി ഗാഡിന്റെയും ദീപിതി ശർമയുടെയും മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തത്.
പാക്കിസ്ഥാനായി സിദ്ര അമീൻ 106 പന്തിൽ 81 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു. നതാലിയ പർവേസ് 33 റണ്‍സും സിദ്ര നവാസ് 14 റണ്‍സും നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ക്രാന്തി ഗാഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്നേഹ റാണ രണ്ട് വിക്കറ്റും പിഴ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർലീൻ ഡിയോളിന്റെ പോരാട്ടത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ട് മത്സരങ്ങളിൽനിന്നും നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 247ന് ഓൾഒൗട്ടായി.
ഹർലീൻ ഡിയോളിന്റെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
National
അഹമ്മദാബാദ്: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. വിന്‍ഡീസിനെ ഇന്നിംഗ്സിനും 140 റണ്‍സിനും തോല്‍പ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 146ന് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിനു പിരിയുമ്പോൾ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്.
അലിക് അതാനീസ് (38), ജസ്റ്റിൻ ഗ്രീവ്സ് (25) എന്നിവരുടെ ഇന്നിംഗ്സുകളിലായിരുന്നു വിൻഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിംഗ്ടൺ സുന്ദർ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.
ജെയ്ഡൻ സീൽസ് (22), യൊഹാൻ ലെയ്ൻ (14), ഖാരി പിയറി (13) റണ്‍സെടുത്തു. രണ്ടിന്നിംഗ്സിലും കൂടി മുഹമ്മദ് സിറാജ് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവിനു രണ്ടും വാഷിംടൺ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
ടാഗ്നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ.
കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
മൂന്നാം ദിവസം തുടക്കത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിനു വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 286 റൺസ് ലീഡും സ്വന്തമാക്കിയിരുന്നു.
NRI
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യ കപ്പ് വിജയത്തിൽ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഓൺലൈനായി വിജയാഘോഷം സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ ക്രിക്കറ്റ് മാനേജർ നവീൻ ഡി. ജയൻ ഉദ്ഘാടനം നിർവഹിച്ചു.
തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലൂടെയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ മത്സരം ഇന്ത്യ സ്വന്തമാക്കിയതെന്ന് ഐസിസി ലെവൽ കോച്ച് കൂടിയായ നവീൻ ഡി ജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ഷിജിത് ചിറക്കൽ, ടി.എം. പ്രജു, വനിതാ വിഭാഗം പ്രസിഡന്റ് ലീന റഹ്മാൻ ഇലിയാസ് തോട്ടത്തിൽ, റാഫിയ അനസ്, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ കളത്തിൽ, എം.പി. അബ്ദുറഹ്മാൻ, സാജിത നസീർ, വി.എ. ഷംസീർ, പ്രജിത്ത് പ്രേം, വിനയൻ കാലിക്കറ്റ്, രാമചന്ദ്രൻ പെരിങ്ങൊളം എന്നിവർ ആശംസൾ അറിയിച്ചു.
കെഡിഎൻഎ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും വനിതാ വിഭാഗം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ ഏകോപനം നടത്തി.
Sports
ഷാർജ: നേപ്പാൾ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച നേപ്പാൾ സമ്പൂർണ ജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ 19 റൺസിനും രണ്ടാം മത്സരത്തിൽ 90 റൺസിനുമാണ് നേപ്പാൾ വിജയിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പദവിയുള്ള ടീമിനെ തോൽപ്പിക്കാനും നേപ്പാളിനായി.
പരമ്പര കൈവിട്ട വെസ്റ്റ് ഇൻഡീസ് ആശ്വാസ ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും അവർക്ക് ഫോം കണ്ടെത്താൻ സാധിക്കാത്തതാണ് വിൻഡീസിന് തിരിച്ചടിയായത്.
Sports
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ടോസ് ജയിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ചു.
പരിക്കിനെ തുടർന്നു ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഫീൽഡിംഗിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാർദിക്ക് ഗ്രൗണ്ടിൽനിന്നു മടങ്ങിയിരുന്നു.
തുടർച്ചയായ രണ്ടാം ഏഷ്യ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്റിൽ അപരാജിതരാണ്.
പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോൽവികൾക്ക് മറുപടി നൽകാനും കഴിഞ്ഞ ഏഷ്യ കപ്പിൽ ആതിഥേയത്വം വഹിച്ചിട്ടും പരന്പരയിൽ വൻ പരാജമായി മാറിയ ക്ഷീണം തീർക്കാനുമാണ് ഇറങ്ങുന്നത്.
ഇന്നും ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ഒഴിവാക്കി. കലാശപ്പോരിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ടും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു.
41 വര്‍ഷത്തെ ചരിത്രമുള്ള ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. എട്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏഷ്യ കപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പാണ് ഇന്ത്യ അവസാനമായി നേടിയത്.
പാക്കിസ്ഥാന് രണ്ടു തവണ (2000, 2012) ഏഷ്യ കപ്പ് സ്വന്തമാക്കി. ഏകദിന ഫോര്‍മാറ്റിലായിരുന്നു പാക്കിസ്ഥാന്റെ രണ്ട് കിരീട നേട്ടം. ഇന്ത്യ സ്വന്തമാക്കിയ എട്ട് ഏഷ്യ കപ്പില്‍ ഒരെണ്ണം ട്വന്റി-20 ഫോര്‍മാറ്റില്‍ ആയിരുന്നു, 2016ല്‍. അന്ന് ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ആദ്യ ഏഷ്യ കപ്പും 2016ലേത് ആയിരുന്നു.
ടീം പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ, ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
Sports
ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയിൽ തളച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് വഴിമാറി.
സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 202 റൺസെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയുമായി തിളങ്ങി. ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ.
ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ (പൂജ്യം) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പതും നിസങ്കയും കുശാല്‍ പെരേരയും തകര്‍ത്തടിച്ചു. ഇരുവരും ചേർന്ന് 127 റൺസ് അടിച്ചു കൂട്ടി. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ കുശാല്‍ പെരേരയെ വരുൺ ചക്രവർത്തി മടക്കിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയേറി.
എന്നാൽ നിസങ്ക ആക്രമണം തുടർന്നു. ചരിത് അസലങ്കയും (9 പന്തിൽ 5) കാമിന്ദു മെന്‍ഡിസും ( 7 പന്തിൽ 3) വേഗം മടങ്ങിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. അവസാനഓവറിൽ ലങ്കയുടെ ലക്ഷ്യം 12 റൺസായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. 58 പന്തില്‍ നിന്ന് 107 റണ്‍സെടുത്താണ് നിസങ്ക നേടിയത്.
പിന്നീട് ദസുൻ ഷനകയും തർത്തടിച്ചതോടെ അവസാന പന്തിൽ മൂന്ന് റൺസായിരുന്നു വിജയലക്ഷ്യം. അവസാനപന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് രണ്ട് റൺസിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസാണെടുത്തത്. ഇന്ത്യയ്ക്കായി 31 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം അഭിഷേക് 61 റൺസ് നേടി. ശുഭ്മാൻ ഗിൽ (4), സൂര്യകുമാർ യാദവ് (12) എന്നിവർ തിളങ്ങിയില്ല.
നാലാം നന്പറിൽ എത്തിയ തിലക് വർമയും (34 പന്തിൽ 49 നോട്ടൗട്ട്) അഞ്ചാം നന്പറിൽ ഇറങ്ങിയ സഞ്ജു സാംസനും (23 പന്തിൽ 39) ഇന്ത്യയുടെ മധ്യനിരയ്ക്കു ബലമേകി. ഹാർദിക് പാണ്ഡ്യ (2) വേഗത്തിൽ പുറത്തായപ്പോൾ അക്സർ പട്ടേൽ 15 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്.
45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. സയ്യിം അയൂബ് (21), ഫഹീം അഷ്റഫ് (20), ക്യപ്റ്റൻ സല്മാൻ ആഘ (17) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവര്‍ എറിഞ്ഞ ബുംറ 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
NRI
സ്റ്റീവനേജ്: ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ ഓൾ യുകെ ടി10 ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജ് കൊമ്പൻസും ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം വേദിയാകും.
നാം, ബിഎംസിസി, കൊമ്പൻസ് - ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്ക്കേഴ്സ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകും.
ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428, അർജുൻ - 07717121991, ശരത് - 07741518558.
Sports
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാന് തോൽവി. ശ്രീലങ്കയാണ് അഫ്ഗാനെ കീഴടക്കിയത്. ആറ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. ഇതോടെ ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പർ ഫോറിലെത്തി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 170 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക എട്ട് പന്തുകൾ ശേഷിക്കെ മറികടന്നു. കുശാൽ മെൻഡിസിന്റെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട കുശാൽ പുറത്താകാതെ 74 റണ്‍സെടുത്തു.
കുശാൽ പെരെര 28 റണ്‍സും കമിന്ദു മെൻഡിസ് പുറത്താകാതെ 26 റണ്‍സും നേടി. ജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ മുഹമ്മദ് നബിയുടെ അർധസെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 22 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 60 റണ്‍സ് നേടിയ മുഹമ്മദ് നബി അവസാന പന്തിൽ റണ്ഒൗട്ടാകുകയായിരുന്നു.
മുഹമ്മദ് നബിക്കു പുറമേ ഇബ്രാഹിം സദ്രാനും റാഷിദ് ഖാനും 24 റണ്‍സ് വീതവും അഫ്ഗാനായി നേടി. ശ്രീലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.
NRI
ന്യൂയോർക്ക്: മില്ലേനിയം കപ്പ് ഫൈനലിൽ ടീം യുണൈറ്റഡ് എക്സ്11നെ പരാജയപ്പെടുത്തി ബെർഗൻ ടൈഗേഴ്സ് കിരീടം കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയാണ് ബെർഗൻ ടൈഗേഴ്സ് ചാമ്പ്യന്മാരാകുന്നത്.
ടെക്സസിലെ എസ്ഒഎച്ച്c ഹൂസ്റ്റൺ കപ്പ്, ഫിലഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിലും ബെർഗൻ ടൈഗേഴ്സ് കിരീടം നേടിയിരുന്നു.
ടൂർണമെന്റിലെ മികച്ച ബൗളർക്കുള്ള അവാർഡ് ഉണ്ണികൃഷ്ണനും മികച്ച താരത്തിനുള്ള അവാർഡ് ശ്രീജയ് സുനിലിനും ലഭിച്ചു. മികച്ച ഫീൽഡറായി ക്യാപ്റ്റൻ റിനു ബാബുവും അംഗീകാരം നേടി.
കൂടാതെ, ബാറ്റിംഗിലെ സ്ഥിരതയാർന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്ററായും ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചുമായി തെരഞ്ഞെടുത്തു.
ട്രോഫി ഉയർത്തിയ ശേഷം ക്യാപ്റ്റൻ റിനു ബാബുവും വൈസ് ക്യാപ്റ്റൻ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ചു.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ 10 വിക്കറ്റിന് തകർത്താണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് ഫൈനലിലെത്തിയത്.
തുടർച്ചയായ രണ്ടാം തവണയാണ് നിലവിലെ ചാന്പ്യ·ാരായ കൊല്ലം ഫൈനലിൽ എത്തുന്നത്. സ്കോർ: തൃശൂർ 17.1 ഓവറിൽ 86-10 , കൊല്ലം 9.5 ഓവറിൽ 92-0.
കൊല്ലത്തിന്റെ ഭരത് സൂര്യ അർധ സെഞ്ചുറി നേടി. വെറും 87 റണ്‍സ് എന്ന വിജയ ലക്ഷ്യമാണ് തൃശൂർ മുന്നോട്ടുവെച്ചത്. 17.1 ഓവറിൽ തൃശൂരിന്റെ എല്ലാ താരങ്ങളും കൂടാരം കയറിയിരുന്നു. തൃശൂരിന്റെ അഹമ്മദ് ഇമ്രാനും ആനന്ദ കൃഷ്ണനും മാത്രമാണ് രണ്ടക്കം കണ്ടത്.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ 14 ടീമുകളാണ് മാറ്റുരച്ചത്.
ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സിസിയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് രത്നഗിരി റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത രത്നഗിരി റോയൽസ് പത്ത് ഓവറിൽ ഉയർത്തിയ 98 റൺസിന് മറുപടിയായി ട്രാവൻകൂർ സിസിക്ക് പത്തു ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് മാത്രമേ എടുക്കുവാൻ സാധിച്ചുള്ളൂ.
ടെക്സാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കാണികളുടെ പങ്കാളിത്തം കൊണ്ടും അവർ ടീമുകൾക്ക് നൽകിയ പിന്തുണ കൊണ്ടും ശ്രദ്ധേയമായി.
നേരത്തെ നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ട്രാവൻകൂർ സിസി റോക്സ്റ്റാർസിനേയും രത്നഗിരി ഉസ്താദ് ഇലവനെയും തോൽപ്പിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയത്.
സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
Sports
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി പൊളിച്ചെഴുത്തുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്), സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കുകയാണ് ഐസിസി. 2025-27 പുതിയ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിലെ മത്സരങ്ങളിൽ പുതിയ നിയമങ്ങളിൽ ചിലത് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. അതേസമയം ജൂലൈ രണ്ടു മുതൽ വൈറ്റ്ബോൾ ക്രിക്കറ്റിൽ ഈ നിയമങ്ങൾ ബാധകമാകും.
ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക്:
പരിമിത ഓവർ ക്രിക്കറ്റിന് പുറമേ റെഡ്ബോൾ ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനം കൊണ്ടുവരികയാണ് ഐസിസി. പുതിയ നിയമം അനുസരിച്ച് ഫീൽഡിംഗ് ടീം ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ രണ്ടു മുന്നറിയിപ്പുകൾ നൽകും. മൂന്നാമതും പിഴവ് ആവർത്തിച്ചാൽ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നൽകും. ഓരോ 80 ഓവറിനുശേഷവും മുന്നറിയിപ്പുകൾ പുതുക്കുന്നതായിരിക്കും. അതേസമയം 2024 ജൂണ്‍ ഒന്നു മുതൽ ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം പ്രാബല്യത്തിൽ ഉണ്ട്.
പന്ത് മാറ്റേണ്ടതില്ല:
പന്തിൽ ഉമിനീർ പുരട്ടുന്നതിന് ഐസിസി വിലക്കുണ്ടെങ്കിലും പന്തിൽ ഉമിനീർ കണ്ടെത്തിയാൽ അന്പയർമാർ പന്ത് മാറ്റണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ നിയമം.
പന്ത് മാറ്റാനായി ടീമുകൾ മനഃപൂർവം ഉമിനീർ പുരട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം.
ഡിആർഎസ്:
ഒരു ബാറ്റർ, വിക്കറ്റ് കീപ്പർ ക്യാച്ച് ചെയ്ത് പുറത്താകുന്ന സാഹചര്യം. അന്പയർ ഔട്ട് വിധിക്കുകയും ബാറ്റർ ഡിആർഎസ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍. പുതിയ നിയമപ്രകാരം ബാറ്റിൽ പന്ത് കൊണ്ടിട്ടില്ലെന്ന് തെളിഞ്ഞാലും പാഡിൽ തട്ടിയാൽ എൽബിഡബ്ല്യു ഔട്ട് പരിശോധിക്കും.
നോബോൾ- ക്യാച്ചിൽ പരിശോധന:
സാധാരണഗതിയിൽ ഒരു നോബോളിലാണ് ബാറ്റർ ക്യാച്ച് ചെയ്യപ്പെടുന്നതെങ്കിൽ, ഫീൽഡർ എടുത്ത ക്യാച്ചിൽ സംശയമുണ്ടായാലും കൂടുതൽ പരിശോധന നടത്താറില്ല. എന്നാൽ പുതിയ നിയമപ്രകാരം ക്യാച്ച് എടുത്തോ എന്ന് കൃത്യമായി പരിശോധിക്കും.
മറ്റു പരിഷ്കരണങ്ങൾ:
പുതിയ നിയമപ്രകാരം ഏകദിനത്തിൽ 35-ാം ഓവറിന് ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ഒരു പന്തിൽ ഒന്നിലധികം ഔട്ട് അപ്പീലുകൾ ഉയർന്നാൽ തേർഡ് അന്പയർ അത് നടന്ന ക്രമപ്രകാരമായിരിക്കും ഔട്ട് ആണോ എന്നു പരിശോധിക്കേണ്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾക്ക് ഗുരുതര പരിക്കേറ്റാൽ ടീമുകൾക്ക് മുഴുവൻ സമയ പകരക്കാരെ കളിപ്പിക്കാം. ഗുരുതരമായി പരിക്കേറ്റുവെന്ന് മാച്ച് ഒഫീഷ്യലുകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
ഷോർട്ട് റണ്‍ സാഹചര്യത്തിൽ നിയമം കടുപ്പിക്കുകയാണ് ഐസിസി. റണ്ണിനായി ഓടുന്നതിനിടെ ബാറ്റർ മനഃപൂർവം ക്രീസിൽ ബാറ്റ് കുത്താതിരുന്നതായി അന്പയർമാർ കണ്ടെത്തിയാൽ അടുത്ത പന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീൽഡിംഗ് ടീമിന്റെ ക്യാപ്റ്റന്‍ തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാൽറ്റിയുമുണ്ടാകും.
Sports
മുംബൈ: ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്റെ നിർണായക ഘട്ടത്തിൽ നില്‍ക്കേ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി.
“ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ചു സമയം മാത്രമാണ് ഞാൻ നീക്കിവച്ചിരുന്നത്. 2023വരെ ഒരു ദിവസത്തിലെ പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്റെ പകുതിസമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു. പല തെറ്റായ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകിത്തുടങ്ങി. അതിൽ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാൻ കരിയറിൽ മികച്ച ഫോമിലായിരുന്നു.
അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളുണ്ടായി. എന്റെ ട്രാക്ക് തന്നെ മാറിപ്പോയി. ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചു. എന്റെ പിതാവിന്റെ അച്ഛൻ മരണപ്പെട്ടു. അദ്ദേഹവുമായി എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, പുറത്തുപറയാൻ പറ്റാത്ത മറ്റു പ്രശ്നങ്ങളുമുണ്ടായി. അതെല്ലാം എന്റേതു മാത്രമായ പ്രശ്നങ്ങളാണ്’’- പൃഥ്വി ഷാ പറഞ്ഞു.
ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ കൂട്ടത്തോടെ മാറിനിന്നപ്പോൾ, വിളിച്ച് അന്വേഷിക്കാനും പിന്തുണയ്ക്കാനും ആകെയുണ്ടായിരുന്നത് ഋഷഭ് പന്ത് മാത്രമാണെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉറച്ച പിന്തുണയ്ക്കും പൃഥ്വി ഷാ നന്ദി പറഞ്ഞു.“ഇപ്പോൾ ഞാൻ പിഴവുകളെല്ലാം തിരുത്തി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഏറെക്കുറെ ട്രാക്കിലായിക്കഴിഞ്ഞു.
അഞ്ചു വർഷം മുൻപ് കരിയറിനായി ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിരുന്നോ, അതേ ശൈലിയിലാണ് ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നത്. എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ലക്ഷ്യത്തിലേക്ക് തിരിച്ചെത്തേണ്ടത് എങ്ങനെയെന്ന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ടാണ് ഈ തിരിച്ചുവരവിനുള്ള ശ്രമം’’- പൃഥ്വി ഷാ പറഞ്ഞു.
Sports
ലണ്ടന്‍: ഇംഗ്ലണ്ടിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന വിശ്വാസം പങ്കുവച്ച് ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിന് എതിരേ 20ന് ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റിനു മുന്നോടിയായി നടത്തിയ ഇന്‍ട്രാ സ്ക്വാഡ് പോരാട്ടത്തിനുശേഷമാണ് കുല്‍ദീപിന്റെ പ്രതികരണം.
“സ്പിന്നേഴ്സിനെ തുണയ്ക്കുന്ന പിച്ചാണെന്നു തോന്നുന്നു. അതുപോലെ ബാറ്റിംഗിനും അനുകൂലമാണ്. ആദ്യദിനം ഈര്‍പ്പം ഉണ്ടാകും. അത് പേസര്‍മാര്‍ക്കു ഗുണമാണ്. എന്നാല്‍, മത്സരം പുരോഗമിക്കുമ്പോള്‍ സ്പിന്നേഴ്സിനും അനുകൂലമായി മാറും’’- കുല്‍ദീപ് യാദവ് പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറാണ് കുല്‍ദീപ് യാദവ്. കുല്‍ദീപും സ്പിന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായിരിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക.
Sports
ദുബായി: ബൗണ്ടറി ക്യാച്ചുകളിൽ നിയമ മാറ്റം വരുന്നു. ബൗണ്ടറി ലൈനിനു പുറത്ത് ഒന്നിലധികം തവണ ഉയർന്നുചാടി പന്ത് കൈവശം നിലനിർത്തി നേടുന്ന ക്യാച്ചുകൾ ഇനി മുതൽ അനുവദനീയമല്ല. അത്തരം ക്യാച്ചുകൾ ബാറ്റർക്ക് റണ്‍സായി മാറും.
ഈ മാസം അവസാനം ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് പോരാട്ടങ്ങൾ മുതൽ ഇതു ബാധകമാണ്. 2023ലെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) മൈക്കൽ നെസർ എടുത്ത വിവാദ ബൗണ്ടറി ക്യാച്ചിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
ഫീൽഡർ ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടി പന്ത് കൈകളിലെടുത്തശേഷം ആദ്യചാട്ടത്തിന് ഗ്രൗണ്ടിനുള്ളിൽ പ്രവേശിച്ച് ക്യാച്ച് പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം റൺസ് അനുവദിക്കും.
Sports
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനാണ് തെംബ ബൗമ. കരിയറിൽ വെറുപ്പും, കളിയാക്കലുകളും ബോഡി ഷെയ്മിങ്ങുമെല്ലാം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒടുവിൽ ദക്ഷിണാഫ്രിക്കയെ 27 വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിലേക്ക് നയിക്കാൻ ബൗമക്ക് സാധിച്ചു.
ക്യാപ്റ്റനായി കിരീടം നേടിയതിൽ ഒരുപാട് അഭിമാനമുണ്ടെന്നും ചരിത്രത്തിൽ ഒരു കറുത്ത ക്രിക്കറ്റ് താരമെന്നതിലുപരി രാജ്യത്തിന് കിരീടം നേടിക്കൊടുത്ത നായകനെന്ന രീതിയിൽ അറിയപ്പെടുമെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ബൗമ പറഞ്ഞു.
വേദന കടിച്ചമർത്തി...
പരിക്കിനും വേദനയ്ക്കും ആ നായകന്റെ പോരാട്ടവീര്യത്തെ തളർത്താനായില്ല. മുടന്തി മുടന്തി അയാൾ സിംഗിളും ഡബിളുകളുമെല്ലാം ഓടിയെടുക്കുന്പോൾ ദക്ഷിണാഫ്രിക്കൻ പോരാട്ട വീര്യം ഓസീസിനെ തോൽവിയിലേക്ക് തള്ളിയിട്ടു.
വയ്യാത്ത കാലും വച്ച് ഓടി അയാൾ ടീമിനുവേണ്ടി നിർണായക അർധസെഞ്ചുറി സ്വന്തമാക്കി. ആ ഇന്നിങ്സ് കണ്ട ഓരോ ആരാധകനും മനസിൽ ഇങ്ങനെ പറഞ്ഞിരിക്കാം, ബൗമാ... നിങ്ങൾ ഈ കിരീടം അർഹിക്കുന്നു.
1992 മുതൽ 2024 വരെ, തോൽവികളുടെ ചരിത്രം
2025 വർഷം സ്പോർട്സ് ചരിത്രത്തിൽ ഒരുപാട് ടീമുകളുടെ ദുർവിധി മാറ്റിയെഴുതി. ചാന്പ്യൻസ് ലീഗ് നേടിയ പിഎസ്ജിയും ഐപിഎൽ നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമെല്ലാം ഉദാഹരണങ്ങളാണ്.
ആരാധകർ എന്നും ഓർത്തിരിക്കുന്ന കിരീടനേട്ടമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടം. 27 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫിക്ക ഒരു ഐസിസി കിരീടം നേടുന്നത്.
1998-ൽ ഹാൻസി ക്രോണിയയുടെ കീഴിൽ നേടിയ ഐസിസിയുടെ നോക്ക് ഒൗട്ട് ട്രോഫിയാണ് ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്ക നേടിയ ഏക ഐസിസി ട്രോഫി. 1992ലെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേയുള്ള തോല്‍വി ദൗര്ഭാഗ്യങ്ങള്ക്കു തുടക്കമിട്ടു.
Sports
ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽനിന്ന് നയിച്ചത് എയ്ഡൻ മാർക്രമായിരുന്നു. ബൗമയ്ക്കൊപ്പം ചേർന്ന് താരം നടത്തിയ സെഞ്ചുറി പ്രകടനം എക്കാലത്തും ഓർമിപ്പിക്കപ്പെടും.
മാര്‍ക്രം മാറി ചിന്തിച്ചു
ഒന്നാം ഇന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാർക്രമായിരുന്നില്ല രണ്ടാം ഇന്നിംഗ്സിൽ. തുടക്കത്തിൽ അതിവേഗം റണ്‍സടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിംഗ്സിലൂടെ അയാൾ ദക്ഷിണാഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു.
383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റണ്‍സെടുത്ത് ജയിക്കാൻ ആറു റണ്‍സ് മാത്രം വേണ്ട ഘട്ടത്തിൽ മാർക്രം മടങ്ങുന്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു.
ലോർഡ്സിൽ നാലാം ഇന്നിംഗ്സിൽ 2009ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റിക്കാർഡുകൂടി സ്വന്തമാക്കിയാണ് മാർക്രം മടങ്ങിയത്. മാർക്രമായിരുന്നു കളിയിലെ താരവും.
Sports
ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്.
“ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.