ന്യൂജഴ്സി: ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ ആദരിച്ചു. എഡിസൺ ഷെറാട്ടണിൽ നടന്ന സമ്മേളനത്തിൽ റാന്നി എംഎൽഎ പ്രമോദ് നാരായൺ അവാർഡ് സമ്മാനിച്ചു.
എംപിമാരായ എം.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, മാധ്യമ പ്രവർത്തക സുജയ് പാർവതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.
പാലക്കാട് സ്വദേശിയായ ജേക്കബ് ചുങ്കത്ത് മാനുവൽ ദീർഘകാലം ഗൾഫിലായിരുന്നു. ഒരു ദശാബ്ദമായി അമേരിക്കയിലെത്തിയിട്ട്. കൈരളി ടിവിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജേക്കബ്, ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രധാന പരിപാടികളുടെയെല്ലാം വീഡിയോ-ഫോട്ടോഗ്രഫി ചിത്രീകരണവുമായി നിശബ്ദമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
വലിയ സമ്മേളനങ്ങളിലും ചെറിയ പരിപാടികളിലും ഒരേ അർപ്പണബോധത്തോടെ മിഴിവാർന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരിലെത്തിക്കുന്ന അപൂർവം മാധ്യമപ്രവർത്തകരിലൊരാളാണ് ജേക്കബ് മാനുവൽ.
എംടിഎ ഉദ്യോഗസ്ഥനാണ്. പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ജോ. സെക്രട്ടറി കൂടിയായ ജേക്കബ്, മാധ്യമരംഗത്ത് നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി.
വ്യക്തി താത്പര്യങ്ങൾക്ക് ഇടനൽകാതെയും പരാതിയോ പരിഭവമോ ഇല്ലാതെയും പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ജേക്കബ് ഏവർക്കും മാതൃകയാണെന്നും സുനിൽ ട്രൈസ്റ്റാർ എടുത്തുപറഞ്ഞു.
Tags : Jacob Manuel IPCNA USA