ന്യൂഡൽഹി: രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. സത്യപ്രതിജ്ഞ നവംബർ 24ന് നടത്തുമെന്ന് രാഷ്ട്രപതി ഇറക്കിയ നിയമന ഉത്തരവിൽ പറയുന്നു. 2027 ഫെബ്രുവരി ഒമ്പതു വരെയായിരിക്കും കാലാവധി.
നിലവിലെ ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായി നവംബർ 23ന് വിരമിക്കും. ഇതോടെയാണ് പുതിയ നിയമനം. ജസ്റ്റീസ് ബി.ആർ.ഗവായി ജസ്റ്റീസ് സൂര്യകാന്തിനെ ശിപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റീസാണ് സൂര്യകാന്ത്.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റീസ് സൂര്യകാന്ത് സംസ്ഥാനത്തു നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്. 1984ൽ മഹർഷി ദയാനന്ദ സർവകലാശാലയിൽ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്.
ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡിഗഡിലേക്ക് മാറി. 38 -ാം വയസിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു.
2004ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. 2019 മേയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനം ഏറ്റെടുത്തത്.