പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്ത പ്രതിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി.
തുറന്ന കോടതിയിലായിരുന്നു പോറ്റിയുടെ കേസ് പരിഗണിച്ചത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. താന്‍ അസുഖ ബാധിതനാണെന്നും ബംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
എന്നാല്‍ അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17നാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി കൈമാറിയത് കല്‍പേഷിനാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ശബരിമല കട്ടിളപ്പാളി സ്വര്‍ണ മോഷണ കേസില്‍ ഇയാളെ വെള്ളിയാഴ്ച വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും.