മുംബൈ: പവൈ മേഖലയില്‍ 20 സ്കൂള്‍ കുട്ടികളെ ബന്ദിയാക്കിയ കേസിലെ പ്രതിയായ രോഹിത് ആര്യ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസിന് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് ഇയാള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് പോലീസ് പ്രത്യാക്രമണം നടത്തിയത്. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത് ആര്യ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇയാള്‍ നാഗ്പൂര്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തേ, ഇയാളെ പിടികൂടി ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്. ഇയാളില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ദത്തത്രേയ നളാവഡെ വ്യക്തമാക്കിയിരുന്നെങ്കിലും വെടിയേറ്റ കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
പവൈ മേഖലയിലെ അഭിനയം പഠിപ്പിക്കുന്ന ആര്‍എ സ്റ്റുഡിയോയില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ഓഡീഷന് പോയ കുട്ടികളെയാണ് രോഹിത് ആര്യ ബന്ദിയാക്കിയത്.
വെബ് സീരീസ് ഓഡിഷനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്കൂള്‍ കുട്ടികളടക്കമുള്ളവരെയാണ് രോഹിത് ആര്യ ബന്ദിയാക്കിയത്. ദിവസങ്ങളായി ഇവിടെ ഓഡിഷനുകള്‍ നടന്നു വരികയായിരുന്നു. ദീപാവലി അവധി പ്രമാണിച്ച് വിവിധ ജില്ലകളില്‍ നിന്നും കുട്ടികള്‍ പരിശീലനത്തിനായി എത്തിയിരുന്നു.
പോലീസ് നല്കിയ വിവരമനുസരിച്ച്, മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച യുവാവാണ് കുട്ടികളെ സ്റ്റുഡിയോയ്ക്കുള്ളില്‍ ബന്ദിയാക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ മുംബൈ പോലീസ്, ബോംബ് സ്ക്വാഡ്, പ്രത്യേക ദൗത്യസേന എന്നിവര്‍ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ദത്തത്രേയ നളാവഡെ പറഞ്ഞു.
പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ബന്ദിയാക്കലിന് മുന്‍പായി രോഹിത് ആര്യ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
'എനിക്ക് ചില വ്യക്തികളുമായി സംസാരിക്കാന്‍ വേണ്ടിയാണ് കുട്ടികളെ ബന്ദികളാക്കിയത്. ഞാന്‍ ഭീകരവാദിയല്ല, പണത്തിന് വേണ്ടി അല്ല കുട്ടികളെ ബന്ദികളാക്കിയത്. താന്‍ ആദ്യം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതാണ്. അത് കുട്ടികളെ ഭയപ്പെടുത്തുമെന്നതിനാല്‍ അതു ചെയ്തില്ല'- രോഹിത് ആര്യ വീഡിയോയില്‍ പറഞ്ഞു.
Tags : Mumbai Hostage-Taker death Standoff With Cop