ആംസ്റ്റർഡാം: നെതർലൻഡ്സിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യ പ്രവചനങ്ങളിൽ നിലവിലെ ഭരണകക്ഷിയായിരുന്ന ഗീർട്ട് വൈൽഡേഴ്സിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റവിരുദ്ധ നിലപാടുള്ള വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ പിവിവി (പാർട്ടി ഫോർ ഫ്രീഡം) ദുർബലമാകുന്നതായി സൂചന.
ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തി ഇടതുപക്ഷ ലിബറൽ ഡെമോക്രാറ്റുകളുടെ ഡി66 (ഡെമോക്രാറ്റ്സ് 66) പാർട്ടി നേരിയ മുൻതൂക്കം നേടി. 38 വയസുകാരനായ റോബ് ജെറ്റൺ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്ന ഡി66 പാർട്ടി, പാർലമെന്റിലെ 150 സീറ്റുകളിൽ 27 എണ്ണം നേടുമെന്നാണ് റിപ്പോർട്ട്.
പ്രവചനമനുസരിച്ച്, വൈൽഡേഴ്സിന്റെ പിവിവി പാർട്ടിക്ക് 25 സീറ്റുകൾ മാത്രമേ നേടാൻ സാധിക്കൂ. റോബ് ജെറ്റൺ പ്രധാനമന്ത്രിയാകാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ഇരുപാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നതിനാൽ അന്തിമഫലത്തിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
പോപ്പുലിസ്റ്റ് വലതുപക്ഷത്തിന് വീണ്ടും വിജയിക്കാൻ കഴിഞ്ഞാലും ഈ തെരഞ്ഞെടുപ്പിൽ അവർക്ക് സഖ്യമുണ്ടാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. 2023ലെ തെരഞ്ഞെടുപ്പിൽ, 37 സീറ്റുകൾ നേടി പിവിവി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
എന്നാൽ, കടുത്ത അഭയാർഥി നയങ്ങളെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജൂണിൽ വൈൽഡേഴ്സ് മുൻ നാല് പാർട്ടികളുടെ സഖ്യത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഈ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ എല്ലാ പ്രധാന പാർട്ടികളും വൈൽഡേഴ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് നിലപാട് അറിയിച്ചിരുന്നു.
Tags : D66 party Dutch election Netherlands