പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി രണ്ട് മുൻ ഐപിഎസ് ഉദ്യോഗസ്ഥർ. മുൻഗർ ജില്ലയിലെ ജമാൽപൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ശിവ്ദീപ് ലാൻഡെയാണ് ഒരാൾ. ബിജെപി സ്ഥാനാർഥിയായി ബക്സർ സീറ്റ് ലക്ഷ്യമിടുന്ന ആനന്ദ് മിശ്രയാണ് രണ്ടാമൻ.
ഇരുവരെയും സഹപ്രവർത്തകർ 'സിംഗം' എന്നാണ് വിളിച്ചിരുന്നത്. ലാൻഡെയെ ബിഹാറിന്റെ 'സിംഗം' എന്നും മിശ്രയെ ആസാമിന്റെ 'സിംഗ'മെന്നുമാണ് വിളിച്ചിരുന്നത്. ഇരുവരുടെയും ഭാര്യമാർ ബിസിനസുകാരാണ്.
49 കാരനായ ശിവ്ദീപ് ലാൻഡെ, മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ വിദർഭ സ്വദേശിയാണ്. ഒരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, മഹാരാഷ്ട്ര മുൻ ജലവിഭവ, സംരക്ഷണ മന്ത്രി വിജയ് ശിവ്താരെയുടെ മകൾ മംമ്ത ശിവ്താരെയെയാണ് വിവാഹം കഴിച്ചത്.
2006 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശിവ്ദീപ് ലാൻഡെ. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ലാൻഡെയ്ക്ക് ഐആർഎസ് ലഭിച്ചിരുന്നു. പാറ്റ്നയിലെ ബങ്കിപുരിലാണ് അദ്ദേഹം താമസിക്കുന്നത്.
തിർഹട്ട്, മുൻഗർ, അരാരിയ ജില്ലകളിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സേവനമനുഷ്ഠിച്ചതിന് ശേഷം, പൂർണിയ ജില്ലയിലെ ഇൻസ്പെക്ടർ ജനറലായിരിക്കെ കഴിഞ്ഞ വർഷമാണ് ശിവദീപ് ലാൻഡഡെ രാജിവച്ചത്.
പാറ്റ്നയിൽ പോലീസ് സൂപ്രണ്ടായിരിക്കെ, റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിച്ചാണ് അദ്ദേഹം പ്രശസ്തനായത്.
സെപ്റ്റംബർ 19 ന് രാജിവച്ച ശേഷം, ഈ വർഷം മാർച്ചിൽ അദ്ദേഹം ഹിന്ദു സേന എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചു. തുടർന്ന് ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്നും 20.74 ലക്ഷം രൂപയുടെ ആസ്തിയും 26.8 ലക്ഷം രൂപ വാർഷിക വരുമാനവും തനിക്കുണ്ടെന്ന് സത്യവാംഗ്മൂലത്തിൽ ലാൻഡെ അറിയിച്ചു.
ബിസിനസുകാരിയായ ഭാര്യ മംമ്തയ്ക്ക് 20.5 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ഇതിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലാൻഡ് ക്രൂയിസർ എസ്യുവി, 29 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മഹീന്ദ്ര സ്കോർപിയോ എസ്യുവി, 100 ഗ്രാം സ്വർണം, വിവിധ ബാങ്കുകളിലെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.
ഇതിനുപുറമെ, മുംബൈയിലും പൂനെയിലും രണ്ട് ഫ്ലാറ്റുകളും17 ഏക്കർ ഭൂമിയുമുണ്ട്. 70 ലക്ഷം രൂപയുടെ കാർ ലോണും 2.5 കോടി രൂപയുടെ ഭവന വായ്പയും ഉൾപ്പെടെ 2.7 കോടി രൂപയുടെ വായ്പകളുമുണ്ട്. അതേസമയം, മകൾ അർഹ ശിവ്ദീപ് ലാൻഡെയ്ക്ക് 14.8 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.
ബിഹാറിലെ ബക്സർ ജില്ലയിലെ ജിഗ്നയിൽ നിന്നുള്ളയാളാണ് ആനന്ദ് മിശ്ര. അച്ഛൻ പരമഹംസ് മിശ്ര കോൽക്കത്തയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ജീവനക്കാരനായിരുന്നു. കോൽക്കത്തയിൽ പഠിച്ച മിശ്ര, സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് പോലീസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടി.
44 കാരനായ മിശ്ര, ആസാം കേഡറിൽ നിന്നുള്ളയാളാണ്. "എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' എന്ന പേരിൽ പ്രശസ്തനായ ആനന്ദ് മിശ്ര. നാഗോൺ ജില്ലയിൽ നിയമിതനായിരിക്കെ, മയക്കുമരുന്ന് മാഫിയയ്ക്കും ക്രിമിനൽ സംഘങ്ങൾക്കുമെതിരെ കർശന നടപടിയാണ് സ്വീകരിച്ചത്.
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ആഭ്യന്തര സുരക്ഷാ സേവന മെഡലും ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അദ്ദേഹം പോലീസ് സേനയിൽ നിന്നും രാജിവച്ചത്.
ബിജെപി സ്ഥാനാർഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചുവെങ്കിലും സീറ്റ് ലഭിച്ചില്ല. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 47,000 വോട്ടുകൾ ലഭിച്ചു. 4.38 ലക്ഷത്തിലധികം വോട്ടുകൾ നേടി രാഷ്ട്രീയ ജനതാദളിന്റെ സുധാകർ സിംഗ് ആണ് ഈ സീറ്റിൽ ജയിച്ചത്. ഈ പരാജയത്തിന് ശേഷം അദ്ദേഹം പ്രശാന്ത് കിഷോറിനൊപ്പം ചേർന്ന് ജൻ സുരാജ് സ്ഥാപിച്ചു.
എന്നാൽ മേയ് മാസത്തിൽ ഇവിടെ നിന്നും രാജിവച്ച അദ്ദേഹം ഓഗസ്റ്റിൽ ബിജെപിയിൽ ചേർന്നു. ബിപിഎസ്സി (ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ) വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പട്നയിലെ ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷനിൽ ആനന്ദ് മിശ്രയ്ക്കെതിരെ കേസുണ്ട്.
ആനന്ദ് മിശ്രയ്ക്ക് 2.5 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതിൽ 100 ഗ്രാം സ്വർണവും 2.51 ലക്ഷം രൂപ വിലമതിക്കുന്ന ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളും ഉൾപ്പെടുന്നു, കൂടാതെ ബംഗാളിലെ ഹൂഗ്ലിയിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീടും അദ്ദേഹത്തിനുണ്ട്.
Tags : Singhams Of Biha Bihar Assembly Election