ബംഗുളൂരു: ഡെലിവറി ബോയിയായ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 25ന് നടന്ന സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാർ(32), ഭാര്യ ജമ്മുകാഷ്മീർ സ്വദേശിനി ആരതി ശര്‍മ(30) എന്നിവരാണ് അറസ്റ്റിലായത്. ദര്ശന്(24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കണ്ണാടിയില്‍ സ്കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ ഏകദേശം രണ്ട് കിലോമീറ്ററോളം ദർശനെ പിന്തുടര്ന്ന് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കളരി പരിശീലകനാണ് മനോജ് കുമാർ.
ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഞ്ചു വർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്.
ദക്ഷിണ ബംഗുളൂരുവിലെ നടരാജ ലേഔട്ടിലാണ് സംഭവം. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.
സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ ദമ്പതികളോട് മാപ്പ് പറഞ്ഞതിന് ശേഷം സ്ഥലത്ത് നിന്നും പോയി. എന്നാൽ കുപിതനായ മനോജ് കുമാർ, കാർ യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുൺ എന്നയാളും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല.
സ്വാഭാവിക റോഡപകട മരണമെന്നാണ് പോലീസ് ആദ്യം കരുതിയത്. ദർശന്റെ സഹോദരിയാണ് മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെപി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശന്റേത് അപകടമരണമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
Tags : Murder Case bengaluru