ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്. ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം.
സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു. പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു. തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു.
നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
Tags : Indian man Arrest Usa