ന്യൂഡൽഹി: കേരളത്തിലെ ഒരു കോടിയിലധികം വയോധികരും ദുർബലരുമായ ആളുകളുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.
ആരോഗ്യ പരിരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്താൻ 2460 കോടി രൂപയുടെ (28 കോടി ഡോളർ) പദ്ധതിക്കാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.
കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യസംവിധാനം നിർമിക്കുമെന്നും വിപുലീകരിച്ച ഇ-ഹെൽത്ത് സേവനങ്ങൾ, സംയോജിത ഡാറ്റാ പ്ലാറ്റ്ഫോമുകൾ, മെച്ചപ്പെടുത്തിയ സൈബർ സുരക്ഷ എന്നിവയിലൂടെ ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ലോകബാങ്ക് അറിയിച്ചു.
ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകണ്സ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റിൽ (ഐബിആർഡി) നിന്നുള്ള 28 കോടി ഡോളർ വായ്പയ്ക്ക് 25 വർഷത്തെ കാലാവധിയും അഞ്ചു വർഷത്തെ ഗ്രേസ് പിരീഡുമാണുള്ളത്.
രണ്ടു പതിറ്റാണ്ടിലേറെയായി കേരളം സുസ്ഥിരമായ ആരോഗ്യനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സാംക്രമികേതര രോഗങ്ങളും (ഹൈപ്പർടെൻഷൻ, പ്രമേഹം, കാൻസർ) വേഗത്തിൽ പ്രായമാകുന്ന ജനസംഖ്യയും (മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തിലധികം പ്രായമായവർ) ആരോഗ്യസംവിധാനത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
റോഡപകടങ്ങളിൽ പ്രതിവർഷം 4,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലൂടെ എമർജൻസി, ട്രോമ പരിചരണത്തിലും വിടവുകളുണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഹൈപ്പർടെൻഷനും പ്രമേഹത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനങ്ങൾ വഴി ചികിത്സിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. സമഗ്രമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിനായി കിടപ്പിലായ, വീട്ടിൽ കഴിയുന്ന, ദുർബലരായ വയോജനങ്ങൾക്ക് ഒരു ഭവന അധിഷ്ഠിത പരിചരണമാതൃകയും സ്ഥാപിക്കും.
പദ്ധതിയിലൂടെ വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കാലാവസ്ഥാധിഷ്ഠിത പരിഹാരങ്ങളിലൂടെ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കടുത്ത ചൂടും വെള്ളപ്പൊക്കവും കൈകാര്യം ചെയ്യുന്നതിനുമുള്ള നടപടികളും പരിശീലിക്കും.
Tags : Kerala's healthcare World Bank