ശ്രീനഗർ: ജമ്മു-കാഷ്മീരിൽ നിന്നുള്ള രാജ്യസഭ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപി വിജയിച്ചത് വോട്ട് ചോരിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയും ആണെന്ന് നാഷണൻ കോൺഫറൻസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സുരിന്ദർ കുമാർ ചൗധരി. രാജ്യസഭാ സീറ്റിൽ വിജയിക്കാനുള്ള അംഗസംഖ്യ ബിജെപിക്കില്ലെന്നും ജനാധിപത്യ വിരുദ്ധമായാണ് അത് പിടിച്ചെടുത്തതെന്നും സുരിന്ദർ കുറ്റപ്പെടുത്തി.
"മൂന്ന് സീറ്റിൽ ആണ് ഞങ്ങൾക്ക് വിജയിക്കാനായത്. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. എന്നാൽ നാലാമത്തെ സീറ്റ് അനധികൃതമായി ബിജെപി പിടിച്ചെടുത്തതാണ്. ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർക്ക് വൻ വാഗ്ദാനം നൽകി വോട്ട് തട്ടിയെടുക്കുകയായിരുന്നു.'-സുരിന്ദർ പറഞ്ഞു.
"എല്ലാ സീറ്റുകളിലും വിജയിക്കാൻ ബിജെപി ശ്രമിച്ചതാണ്. എന്നാൽ അവർക്ക് ഒരെണ്ണം മാത്രമാണ് ലഭിച്ചത്. മൂന്ന് ചതിയൻമാരാണ് അവരെ സഹായിച്ചത്. അതൊരിക്കും നാഷണൽ കോൺഫറസിൽ നിന്നുള്ളവരല്ല. അവരെ കണ്ടെത്താൻ അന്വേഷണം നടത്തും.'-സുരിന്ദർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് മൂന്ന് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചിരുന്നു. മുൻ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാൻ, സജ്ജാദ് അഹമ്മദ് കിച്ച്ലൂ, പാർട്ടി ഖജാൻജി ഗുർവീന്ദർ സിംഗ് ഒബ്റോയ് എന്നിവരാണ് വിജയിച്ച നാഷണൽ കോൺഫറൻസ് നേതാക്കൾ.
എന്നാൽ നാലാമത്തെ സീറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സാത് ശർമ്മ വിജയിക്കുകയായിരുന്നു. നാഷണൽ കോൺഫറൻസിലെ ഇമ്രാൻ നബി ദറിനെ ആണ് ശർമ പരാജയപ്പെടുത്തിയത്. നിയമസഭയിൽ 28 എംഎൽഎമാർ മാത്രമുള്ള ബിജെപി സ്ഥാനാർഥി 32 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇത് ക്രോസ് വോട്ടിംഗ് നടന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകിയത്.
Tags : rajaya sabha election jammu & kashmir bjp won bjp national conference omar abdulla