ശുചീകരണതൊഴിലാളി കൂടിക്കാഴ്ചയ്ക്ക് എത്തിയവർ അസൗകര്യംമൂലം വലഞ്ഞു
1597526
Tuesday, October 7, 2025 12:34 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ശുചീകരണതൊഴിലാളികളുടെ താത്കാലികനിയമനത്തിനായി ചിറ്റൂർ- തത്തമംഗലം നഗരസഭ ഇന്നലെ ഉദ്യോഗാർഥികൾക്കായുള്ള കൂടിക്കാഴ്ച നടപടികൾ ഹൈക്കോടതി തടഞ്ഞു.
താലൂക്ക് ആശുപത്രിയിൽ എച്ച്എംസി തീരുമാനപ്രകാരം സേവനം നടത്തിവരുന്ന പത്തു ജീവനക്കാർക്കു പകരക്കാരെ നിയമിക്കാനായിരുന്നു ഇന്നലെ നഗരസഭയിൽ കൂടിക്കാഴ്ച നടത്തിയതെന്ന് ആരോപണം ഉയർന്നു. എച്ച്എംസി തീരുമാനപ്രകാരം പെരുമാട്ടിയിലെ കുടുംബശ്രീ യൂണിറ്റംഗങ്ങൾക്കാണ് ശുചീകരണജീവനക്കാരായി നിയമനം ലഭിച്ചത്.
ഈ യൂണിറ്റിലെ അംബികയാണ് ഇന്നലത്തെ കൂടിക്കാഴ്ച തടയണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്. ഇന്നലെ വൈകുന്നേരം മൂന്നോടെ കോടതി ഉത്തരവ് ലഭിച്ചതിനാൽ തസ്തികയിലേക്കോയി 7, 8, 9, 10 തീയതികളിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി നഗരസഭ ചെയർപേഴ്സണ്‍ കെ.എൽ. കവിത അറിയിച്ചു.
ഇതിനിടെ ഇന്നലെ കൂടിക്കാഴ്ചയ്ക്കെത്തിയവർക്ക് ഉചിതമായ സ്ഥലം അറിയിക്കാത്തതിനാൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ വലഞ്ഞു. ജീവനക്കാർ ഉദ്യോഗാർഥികളെ പലതവണ വ്യത്യസ്തസ്ഥലങ്ങളിൽ എത്താൻ നിർദേശിച്ചു. ഒടുവിൽ ഉദ്യോഗാർഥികളുടെ ആധിക്യംകാരണം നഗരസഭാ കോന്പൗണ്ടിലുള്ള പി. ലീല അനുസ്മരണ സ്റ്റേഡിയത്തിലേക്കു മാറ്റി.
താലൂക്കിന്റെ വിവിധഭാഗങ്ങളിൽനിന്നു കൈക്കുഞ്ഞുങ്ങളുമായാണ് നൂറുകണക്കിനു വനിതാ ഉദ്യോഗാർഥികൾ എത്തിയത്. രാവിലെ എട്ടുമുതൽതന്നെ ഇവർ സ്ഥലത്തെത്തി. തിരക്ക് കൂടിയതോടെ പലർക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.
മരപ്പലക ഉപയോഗിച്ച ഒന്നാം നില കൗണ്‍സിൽ ഹാളിൽ നടവഴി തിങ്ങിനിറഞ്ഞ് ഉദ്യോഗാർഥികൾ അക്ഷരാർഥത്തിൽ ഭയന്നു. തിരക്കിനിടയിൽ പലരും കുഞ്ഞുങ്ങളുമായി താഴെയിറങ്ങാൻ പാടുപെട്ടു. ഇവർക്ക് അധികൃതർ കുടിവെള്ളംപോലും ഏർപ്പെടുത്താത്തതും പ്രതിഷേധത്തിനു കാരണമായി.