കേരള കോൺഗ്രസ്-എം പാലക്കയം വില്ലേജ് ഓഫീസ് ഉപരോധിച്ചു
1597525
Tuesday, October 7, 2025 12:34 AM IST
പാലക്കയം: കേരള കോണ്‍ഗ്രസ്-എം കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കയം വില്ലേജ് ഓഫീസ് ഉപരോധിച്ചു. തെങ്കര, കാഞ്ഞിരപ്പുഴ, തച്ചന്പാറ, കരിന്പ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പാലക്കയം വില്ലേജിലെ മലയോരമേഖലകളിലെ ചില സർവേ നന്പറുകളിൽ സ്ഥലമുള്ള വ്യക്തികൾക്ക് കരമടയ്ക്കുന്നതിനോ കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ തണ്ടപ്പേര് ലഭിക്കുന്നതിനോ ലോണ്‍ എടുക്കുന്നതിനോ കുടുംബാംഗങ്ങൾക്ക് സ്ഥലം കൈമാറുന്നതിനോ മറ്റുമുള്ള നിരവധിയായ ആവശ്യങ്ങൾ തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മലയോരമേഖലകളിലെ ഭൂരിഭാഗം കർഷകരും വളരെ കുറച്ച് സ്ഥലം ഉള്ളവരാണ്. നാളുകളായി ഇവരുടെ പരാതികൾ വിവിധ ഓഫീസുകളിലും അദാലത്തിലും വന്നിട്ടുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇതുവരെയും ആയിട്ടില്ല. പാലക്കയം വില്ലേജ് ഡിജിറ്റൽ റീസർവേ നടത്തിയാൽമാത്രമേ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗംകൂടി തീരുമാനങ്ങൾ എടുത്തുവെങ്കിലും നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സന്തോഷ്, ജില്ലാ സെക്രട്ടറി മത്തായി ഐക്കര, ഐസക് ജോണ്‍, മിനിമോൾ ജോണ്‍, രമേശ് തച്ചടിയിൽ, ജോസ് പതാലിൽ, ബി.ആർ. സുരേഷ്, അരുണ്‍ സക്കറിയ, ജോബി പാലക്കയം തുടങ്ങിയവർ പ്രസംഗിച്ചു.