താലൂക്ക് ആശുപത്രിക്കു മുന്നിലെ പാർക്കിംഗിനെതിരേ നടപടിയെടുക്കണം: താലൂക്ക് വികസനസമിതി യോഗം
1597513
Tuesday, October 7, 2025 12:34 AM IST
ആലത്തൂർ: താലൂക്ക് ആശുപത്രിക്കു മുൻവശത്തെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തണമെന്നു ആലത്തൂർ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ആരംഭിക്കുന്ന ഭാഗത്തെ സർവീസ് റോഡിൽ അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണം, തകർന്നു കിടക്കുന്ന ആലത്തൂർ ബാങ്ക്റോഡ് റീ ടാർ ചെയ്യാൻ നടപടി സ്വീകരിക്കണം, തരൂർ കാരമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ ആവശ്യമായ ബോർഡുകൾ പരിസരത്തെ ജംഗ്ഷനുകളിൽ സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നുവന്നു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു.
ആലത്തൂർ തഹസിൽദാർ കെ. ശരവണൻ, കുത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ, എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.