പൊറ്റശ്ശേരി സ്കൂളിൽ ഗാന്ധിജയന്തി ദശദിനാഘോഷം സമാപിച്ചു
1597282
Monday, October 6, 2025 2:04 AM IST
മണ്ണാർക്കാട്: പത്തുദിവസത്തെ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന വിവിധ പ്രവർത്തനങ്ങൾ സമാപിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലേയും മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും വിവിധ സർക്കാർ സ്ഥാപനങ്ങൾ ശുചീകരിച്ചു. മണ്ണാർക്കാട് ജിഎം യുപി സ്കൂളിന്റെയും പോലീസ് സ്റ്റേഷന്റെയും മതിലുകൾ പെയിന്റുചെയ്ത് വൃത്തിയാക്കി മഹദ് വചനങ്ങളും ട്രാഫിക് നിയമങ്ങളും കുട്ടികൾ കുറിച്ചിട്ടു. പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഗാന്ധി സ്ക്വയർ പെയിന്റു ചെയ്ത് വൃത്തിയാക്കി പൂച്ചെടികൾ വച്ച് മനോഹരമാക്കി.
ദശദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം, അഗതി മന്ദിര സന്ദർശനം, മാലിന്യമുക്ത, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ, റാലികൾ, സ്നേഹ വീടിന്റെ തറക്കല്ലിടൽ തുടങ്ങി ഗാന്ധിയൻ ദർശനത്തിന് മുൻതൂക്കം നൽകുന്ന വിവിധ പരിപാടികളാണ് നടപ്പാക്കിയത്.
എസ്പിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പ്രധാനാധ്യാപിക സാജിത ബീഗം, പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ് , സ്റ്റാഫ് സെക്രട്ടറി മൈക്കിൾ ജോസഫ്, അധ്യാപകരായ ദിവ്യ അച്ചുതൻ, ടി. രാധാകൃഷ്ണൻ, മഞ്ജു പി. ജോയ്, എച്ച്. അനീസ് , ഡോ.എൻ. രംഗസ്വാമി, കെ.സി. മുരുകൻ സ്കൂൾ ചെയർമാൻ പ്രഫുൽദാസ്, ലീഡർമാരായ ലക്ഷ്മിനന്ദ, അജയ് കൃഷ്ണ, എൻ. ശ്വേത, അക്ഷയ് , അനീറ്റ എന്നിവർ നേതൃത്വം നൽകി.