ഭാരതപ്പുഴ പുനരുദ്ധാരണം: ഗോവന്‍ മോഡല്‍ ജലബന്ധാര തടയണപദ്ധതിക്ക് ഇന്നു തുടക്കം
1597519
Tuesday, October 7, 2025 12:34 AM IST
പാലക്കാട്: ഭാരതപ്പുഴ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരായി കടവില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ ഗോവന്‍ മോഡല്‍ ജലബന്ധാര തടയണ പദ്ധതിയ്ക്ക് ഇന്നു തുടക്കമാകും.
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.63 കോടി രൂപയാണ് പദ്ധതിയ്ക്ക് വിനിയോഗിക്കുന്നത്. പാലക്കാടിന്റെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കാര്‍ഷിക കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഹരിതകേരളം മിഷന് പൈലറ്റ് പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജല സംരക്ഷണ മേഖലയില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന വ്യത്യസ്തങ്ങളായ പദ്ധതികളിലൊന്നാണ് ജലബന്ധാര.
ചെക്ഡാം ഇല്ലാതെ ഷട്ടറുകള്‍ ക്രമീകരിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്ന ഒരു നിര്‍മിതിയാണ് ജലബന്ധാര. ഷട്ടറുകള്‍ മുകളില്‍ നിന്നും നിയന്ത്രിക്കുന്നതിനാല്‍ ജലസംഭരണം കുറെക്കൂടി ഫലപ്രദമായ രീതിയില്‍ സാധ്യമാക്കാന്‍ കഴിയും. വര്‍ഷകാലങ്ങളില്‍ ഷട്ടറുകള്‍ പൂര്‍ണമായും മാറ്റുന്നതിനാല്‍ പുഴയുടെ സുഗമമായ ഒഴുക്ക് സാധ്യമാവുകയും വെള്ളപ്പൊക്കം ഒരു പരിധിവരെ ഇല്ലാതാക്കുവാന്‍ സാധിക്കുന്നതുമായ കേരളത്തിലെ ആദ്യത്തെ ജലബന്ധാരയാണിത്.
കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ 4,5,6,12,13,14 വാര്‍ഡുകള്‍ക്കും കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ തോട്ടര, താണിക്കുന്ന് എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കൃഷിയ്ക്കും ജലസേചനത്തിനും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നിര്‍മാണ പ്രവൃത്തിയാണ് കരിമ്പുഴ പഞ്ചായത്തിലെ കാഞ്ഞിരായിക്കടവില് കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള ജലബന്ധാര നിര്‍മ്മാണം.
കുന്തിപ്പുഴയുടെ ഇടതുകരയിലെ പൊമ്പ്ര എന്ന സ്ഥലത്തേയും വലതുകരയിലെ തോട്ടര എന്ന സ്ഥലത്തേയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന പ്രവേശന മാര്‍ഗമായും ഈ നിര്‍മിതി ഉപയോഗപ്രദമാകും.