തിരുതാളിയെക്കുറിച്ച് പഠനംനടത്തി ചെറുപുഷ്പം സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ
1597087
Sunday, October 5, 2025 6:49 AM IST
വടക്കഞ്ചേരി: ഔഷധ ഗുണങ്ങളേറെയുള്ള തിരുതാളി സസ്യത്തെ കുറിച്ച് പഠനം നടത്തി ചെറുപുഷ്പം യുപി സ്കൂളിലെ ശാസ്ത്രക്ലബ് അംഗങ്ങൾ. ദശപുഷ്പങ്ങളിലൊന്നായ തിരുതാളി ആയുർവേദമരുന്നുകളിലെ പ്രധാന ചേരുവയാണ്.
ഇലക്കും വള്ളിക്കും വേരിനുമുണ്ട് ഔഷധ ഗുണം. ദേവൻമാരും ദേവതകളും താളിയായി ഉപയോഗിച്ചിരുന്നതിനാലാണ് തിരുതാളി എന്ന പേര് വന്നതെന്ന് വിദ്യാർഥികൾ തങ്ങളുടെ പഠന പ്രൊജക്ടിൽ പറയുന്നു.
ചുട്ടിതിരുതാളി, ചെറുതാളി എന്നൊക്കെയും ഇതിന് പേരുകളുണ്ട്. മണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നതിൽ തിരുതാളി എന്ന സസ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. തിരുതാളിയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര ക്ലബ് വിദ്യാർഥികൾ വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷിന് നിവേദനം നൽകി. അധ്യാപകർക്കു പുറമെ പഞ്ചായത്ത് മെംബർമാർ, ജൈവ വൈവിധ്യ പരിപാലന സമിതി കൺവീനർ കെ.എം.രാജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.