കുമ്പളക്കോട് പാലം ജീർണാവസ്ഥയിൽ, നവീകരണത്തിനു പദ്ധതികളുമില്ല
1597286
Monday, October 6, 2025 2:04 AM IST
നെന്മാറ: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കുമ്പളക്കോട് പാലം കാലപ്പഴക്കത്താൽ ബലക്ഷയത്തിൽ. ഒറ്റവരിയായി മാത്രം ഗതാഗതം നടക്കുന്ന സംസ്ഥാനപാതയിലെ ഏക പാലമാണിത്.
65 വർഷത്തിലേറെ പഴക്കമുള്ള കുമ്പളക്കോട് പാലം ജീർണാവസ്ഥയിൽ കുലുങ്ങിത്തുടങ്ങിയിട്ടും അതികൃതർക്ക് കുലുക്കമില്ല. നെന്മാറ കൊല്ലങ്കോട് റൂട്ടിലുള്ള കുമ്പളക്കോട് പാലം പുതുക്കിപ്പണിയാനുള്ള പദ്ധതി വർഷങ്ങളായിട്ടും പൊതുമരാമത്ത് തയാറാക്കിയിട്ടില്ല.
ഈ പാലം ഉൾപ്പെടുന്ന സംസ്ഥാനപാത ഭാരതമാല, മലയോര ഹൈവേ തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുമ്പോൾ നവീകരിക്കുമെന്ന് വാഗ്ദാനമാണ് അധികൃതർ പറഞ്ഞത്. എന്നാൽ മേൽ രണ്ടുപദ്ധതികളും പലകാരണങ്ങളാൽ മാറ്റിവച്ചു.
ഇപ്പോൾ ഈ പാലത്തിലെ ബീമുകളും സ്ലാബുകളും കൈവരികളും കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായിട്ടും നവീകരണ നടപടികൾ ആരംഭിച്ചിട്ടില്ല.
പ്രധാന പാലത്തിലെ പ്രധാന സ്ലാബുകളുടെ ഉപരിതലത്തിലുണ്ടായ വളവുകളും കുഴികളും ഉപരിതലം കോൺക്രീറ്റ് ചെയ്തും ടാർ ചെയ്തും നിരപ്പാക്കിയതിനാൽ റോഡിലൂടെ പോകുന്നവർക്ക് ബലക്ഷയം പുറമേനിന്ന് കാണാൻ കഴിയില്ല. പാലം താങ്ങി നിർത്തുന്ന ബീമുകളിലെ കമ്പികൾ ദ്രവിച്ച പുറത്തു കാണുന്ന രീതിയിലാണുള്ളത്. ചില കമ്പികൾ മുറിഞ്ഞു തൂങ്ങുന്ന സ്ഥിതിയിലുമാണ്.
കരിങ്കല്ലു കൊണ്ട് കെട്ടി ഉയർത്തിയ രണ്ടു തൂണിൽ സ്ഥാപിച്ച പാലം ദ്രവിച്ച് മിക്കയിടത്തും കമ്പികൾ തുരുമ്പിച്ചനിലയിലും കെട്ടിയുയർത്തിയ തൂണുകളിൽ ആൽമരങ്ങൾ വളർന്ന തൂണുകളിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ നെല്ലിയാമ്പതി മലകളിൽ നിന്നുള്ള കനത്ത വെള്ളപ്പാച്ചിലിൽ പാലത്തിന്റെ തൂണുകളുടെ അടിഭാഗത്തെ കല്ലുകൾ ഇളകിയും മണ്ണും മണലും ഒലിച്ചു പോയിട്ടുമുണ്ട്. പത്തുവർഷം മുമ്പ് പുറമേ കാണാൻ തുടങ്ങിയ ദ്രവിച്ച കമ്പികൾ താത്കാലികമായി സിമന്റു തേച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയായി. പിന്നീട് കൈവരികൾ പലപ്പോഴായി പുതുക്കിപ്പണിയലും പെയിന്റു ചെയ്യലും മാത്രമാണ് നടന്നിട്ടുള്ളത്.
ഇതിനുശേഷം നിർമിച്ച ഇതേ സംസ്ഥാനപാതയിലെ മംഗലം, കാമ്പ്രത്ത് ചള്ള, ഗോവിന്ദാപുരം പ്രദേശങ്ങളിലെ പ്രധാന പാലങ്ങൾ വർഷങ്ങൾക്കുമുമ്പ് പലപ്പോഴായി നവീകരിക്കുകയും പുതുക്കിപ്പണിയുകയും വലിപ്പംകൂട്ടി നവീകരിക്കുകയും ചെയ്തെങ്കിലും കുമ്പളക്കോട് പാലം ഇപ്പോഴും ഒറ്റവരി ഗതാഗത പാലമായി നിലനിൽക്കുകയാണ്.