വാമലക്കാട്ടിൽ ക്വാറി തുടങ്ങുന്നത് തടയണമെന്നു സമീപവാസികൾ
1597521
Tuesday, October 7, 2025 12:34 AM IST
പല്ലശന: ഗ്രാമപഞ്ചായത്ത് പരിധിയിൽ ക്വാറി തുടങ്ങാൻ ശ്രമത്തിനെതിരെ നാട്ടുകാർ സെക്രട്ടറിക്ക് പരാതി നൽകി. പല്ലശന പഞ്ചായത്തിലെ മൂന്നാംവാർഡിൽ കുറ്റിപ്പുള്ളി വാമലകാട്ടിൽ സർക്കാർ വനമേഖലയോട് ചേർന്നുകിടക്കുന്ന സ്ഥലത്തു സ്വകാര്യവ്യക്തി ഫോറസ്റ്റ് ഭൂമി കയ്യേറി ക്വാറി തുടങ്ങാനുള്ള ശ്രമത്തിനെതിരെയാണ് പ്രദേശവാസികൾ സംഘം ചേർന്നു പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് പരാതി നൽകിയത്.
ക്വാറിക്കായുള്ള സ്ഥലം ബഫർ സോണിലാണെന്നും 500 ഓളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസകേന്ദ്രമാണെന്നും അങ്കണവാടി, കുടുംബക്ഷേത്രം, വാമല അയ്യപ്പക്ഷേത്രം എന്നിവയുടെ സമീപത്താണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ പേമാരിയിൽ ഉരുൾപൊട്ടൽ സംഭവിക്കുകയും കുറെ പോത്തുകൾ ചാകുകയും ചെയ്തതായി നാട്ടുകാർ പരാതിയിൽ ചൂണ്ടിക്കാട്ടി.
നിർദിഷ്ട സ്ഥലത്തോട് ചേർന്നു മലമ്പുഴ, ചിറ്റൂർപ്പുഴ ഇറിഗഷൻ പദ്ധതി കനാൽ, രണ്ട് ഏക്കർ വിസ്തൃതിയിലുള്ള കാർഷിക ആവശ്യത്തിനായുള്ള കുളം, ഒരു എക്കറോളംവരുന്ന പൊതുശ്മശാനം എന്നിവയുണ്ട്. വസ്തുതകൾ മറച്ചുവെച്ച് ഉദ്യോഗസ്ഥരെയും ഭരണ സമിതിയെയും സ്വാധീനിച്ചു അനുവാദം വാങ്ങിയെടുക്കാനുള്ള ക്വറി ഉടമയുടെ ശ്രമമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ക്വാറിക്കെതിരെ നാട്ടുകാർ കുറ്റിപ്പുള്ളി മാതിരംകോട് വാമലക്കാട് സമരസമിതി ജനകീയകൂട്ടായ്മ എന്ന പേരിലാണ് പരാതി നൽകിയത്.
പഞ്ചായത്ത് അനുവാദവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സമരസമിതി ശക്തമായി എതിർക്കുമെന്നും നാട്ടുകാർ പറഞ്ഞു. കെ. പാർത്ഥൻ, വി. വിജയൻ. എം. കുമാരൻ പി. ബാബു എന്നിവർ നേതൃത്വം നൽകി.