പൊറ്റശേരി സ്കൂളിന്റെ ആറാമത്തെ സ്നേഹവീടിനു തറക്കല്ലിട്ടു
1597082
Sunday, October 5, 2025 6:49 AM IST
പൊറ്റശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്ത സംരംഭമായ കൂടൊരുക്കൽ പദ്ധതിയിൽ അർഹരായ സഹപാഠികൾക്കായി നിർമിക്കുന്ന ആറാമത്തെ സ്നേഹവീടിന് കാഞ്ഞിരം അന്പംകുന്നിൽ തറക്കല്ലിട്ട് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട രണ്ട് സഹപാഠികൾക്കായാണ് വിദ്യാർഥ്കൾ ചേർന്ന് വീട് നിർമിക്കുന്നത്. മുഴുവൻ കുട്ടികളേയും പ്രതിനിധീകരിച്ച് വിവിധ യൂണിറ്റുകളുടെ ലീഡർമാരായ വിദ്യാർഥികളാണ് തറക്കല്ലിട്ടത്. എഴുന്നൂറ് ചതുരശ്രഅടി വിസ്തീർണമുള്ള വീടിന് ഏകദേശം 8 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ ഒരു സ്നേഹവീട് നിർമിക്കുന്ന കൂടൊരുക്കൽ പദ്ധതിയിലൂടെ ഇതിനകം അഞ്ച് വീടുകൾ നിർമിച്ചു നൽകി.
40 ലക്ഷത്തോളം രൂപ ചെലവായ ഈ ഉദ്യമത്തിന് കുട്ടികളുടെ സ്ക്രാപ്പ് ചലഞ്ച്, സമ്മാന കൂപ്പണുകൾ, അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും മറ്റു സുമനസുകളുടേയും സംഭാവന എന്നിവയിലൂടെയാണ് പണം കണ്ടെത്തിയത്.
പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ്, കൂടൊരുക്കൽ കമ്മിറ്റി കണ്വീനർ മൈക്കിൾ ജോസഫ്, ഭാരവാഹികളായ ദിവ്യ അച്യുതൻ, മഞ്ജു പി. ജോയ്, എച്ച്. അനീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.എൻ. രംഗസ്വാമി, പിടിഎ ഭാരവാഹികളായ അബ്ദുൾ ലത്തീഫ്, അബ്ദുൾ നാസർ, വി. രാജേഷ്, കെഎസ്എംസി അംഗം ബാലകൃഷ്ണൻ അധ്യാപകരായ കെ.സി. മുരുകൻ, ഒ.എസ്. അനീഷ , എ. ആരിഫ, ലീഡർമാരായ ഹൃദ്യ കൃഷ്ണ, ലക്ഷ്മിനന്ദ, ഗ്ലാഡ്വിൻ സിജിൻ, നേഹൽ കൃഷ്ണ, നയന പ്രസാദ് എന്നിവർ നേതൃത്വം നൽകി.