വടക്കഞ്ചേരിയിൽ തെരുവുവിളക്കുകളുടെ സമയം അത്ര ശരിയല്ല..!
1597524
Tuesday, October 7, 2025 12:34 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം ശരിയല്ലെന്ന് യാത്രക്കാർ. തിരക്കേറിയ മന്ദം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് വൈകീട്ട് 5.25ന് ഓണാകും. പുലർച്ചെ 5. 25 ന് ഓഫാകുകയും ചെയ്യും. ഓണാകുന്നതും ഓഫാകുന്നതും ഒരു മണിക്കൂർമുമ്പാണ്. പുലർച്ചെ തന്നെ ലൈറ്റ് ഓഫാകുന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അതിരാവിലെ യാത്രയ്ക്കായി ടൗണിൽ എത്തുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇരുട്ടിൽ നിൽക്കേണ്ട സ്ഥിതിയാണ്.
മേഖലയിലേക്കുള്ള പത്രക്കെട്ടുകളെല്ലാം ഇവിടെയാണ് ഇറക്കുക. ഇവിടെവച്ചാണ് പത്രവിതരണ ഏജന്റുമാർ പത്രങ്ങൾ തരംതിരിച്ച് വിതരണത്തിന് ഒരുക്കുന്നത്. അതിരാവിലെ എത്തുന്ന പൂവിൽപ്പനക്കാർ, പാൽവിതരണക്കാർ തുടങ്ങിയവർക്കെല്ലാം ടൗൺ ഇരുട്ടാകുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഓട്ടോമാറ്റിക് സമയസംവിധാനത്തിലാണ് ലൈറ്റുകൾ ഓൺ ആകുന്നതും ഓഫ് ആകുന്നതും. ടൈം റീ സെറ്റ് ചെയ്ത് ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ലൈറ്റ് പ്രകാശിക്കുന്നതു ക്രമീകരിക്കാവുന്നതേയുള്ളു.
എന്നാൽ ഇതുസംബന്ധിച്ച് പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു. പോസ്റ്റിലെ മുഴുവൻ ലൈറ്റുകളും പ്രകാശിക്കാത്ത പ്രശ്നങ്ങളുമുണ്ട്.